മീ ടൂ കുരുക്ക്; വിദേശ പര്യടനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ എംജെ അക്ബറിന് നിര്‍ദേശം

Posted on: October 11, 2018 12:47 pm | Last updated: October 11, 2018 at 3:16 pm

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും. ഇപ്പോള്‍ നൈജീരിയയിലുള്ള എംജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു അക്ബര്‍ തിരിച്ചെത്തേണ്ടിയിരുന്നത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ഇന്ന തന്നെ മടങ്ങിയെത്തിയേക്കും. അക്ബറിനെതിരായ ആരോപണം തിരിച്ചടിയായ സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. അക്ബറിനെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് ഗൗരവതരമാണ്. അതേസമയം, അദ്ദേഹത്തിന് പറയാനുള്ളതും കേള്‍ക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തില്‍ ബി.ജെ.പിക്ക് ഗൗരവമായ സമീപനമാണെന്ന് അവര്‍ അറിയിച്ചു.

എം ജെ അക്ബര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ ആരോപണമാണ് അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. എം ജെ അക്ബറിനെതിരെ മീ ടൂ ക്യാമ്പയിനിലൂടെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യന്‍ ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ അക്ബര്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഇവര്‍ ആരോപിച്ചു.

ലൈവ് മിന്റ് നാഷനല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയും അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എം ജെ അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് അഭിമുഖത്തിനായി എത്തിയ വനിതാ പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.