Connect with us

Gulf

താരങ്ങളെത്തി; ബ്രസീല്‍- അര്‍ജന്റീന സൂപ്പര്‍ പോരാട്ടത്തിന് ജിദ്ദ ഒരുങ്ങി

Published

|

Last Updated

ജിദ്ദ: സഊദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശക്കൊടുമുടിയിലാണ്. തങ്ങളുടെ എക്കാലത്തേയും ഇഷ്ട ടീമുകളായ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും കളികള്‍ നേരിട്ടു കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ചൊവ്വാഴ്ച ജിദ്ദയില്‍ നടക്കുന്ന അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണ് അതില്‍ പ്രതീക്ഷാ പൂര്‍വ്വം കാത്തിരിക്കുന്ന മല്‍സരം.

ജിദ്ദയിലും റിയാദിലുമായി നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനക്കും പുറമെ ഇറാഖും സഊദിയും കൂടി പങ്കു ചേരുന്നു. ഒക്ടോബര്‍ 11 ന് വ്യാഴാഴ്ച റിയാദിലെ മലാസ് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന ഇറാഖുമായി ഏറ്റുമുട്ടുന്നതോടെ മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കും. വെള്ളിയാഴ്ച ആതിഥേയരായ സഊദി അറേബ്യ ലോകത്തെ മികച്ച ടീമുകളിലൊന്നായ ബ്രസീലുമായി ഏറ്റുമുട്ടും. റിയാദിലെ കിംഗ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്ററ്റേഡിയത്തില്‍ രാത്രി 8.45 നാണ് മല്‍സരം.

16ന് ചൊവ്വാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന മല്‍സരം നടക്കുക. രാത്രി 9 മണിക്കാണ് മല്‍സരം ആരംഭിക്കുക.

ബ്രസീലിന്റെയും അര്‍ജന്റീനയുടേയും മുന്‍നിര താരങ്ങളെല്ലാം റിയാദിലെത്തിക്കഴിഞ്ഞു. നെയ്മര്‍, കൂട്ടീഞ്ഞോ, തിയാഗോ സില്‍വ തുടങ്ങിയ മിക്ക താരങ്ങളും ബ്രസീല്‍ നിരയില്‍ കളിക്കുന്നുണ്ട്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി എത്തില്ലെങ്കിലും പൗളോ ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സൊ തുടങ്ങിയ വമ്പന്‍ നിരയാണ് ബ്രസീലിനോട് മുട്ടാന്‍ എത്തിയിരിക്കുന്നത്. മലയാളികളായ കളിക്കമ്പക്കാര്‍ ചൊവ്വാഴ്ചത്തെ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള തിരക്കിലാണ്. സഊദി സ്വദേശികളിലും ബ്രസീലിന്റേയും അര്‍ജന്റീനയുടേയും താരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്.

 

Latest