കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

Posted on: October 10, 2018 6:09 pm | Last updated: October 10, 2018 at 10:44 pm

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ മീ ടൂ ക്യാമ്പയിനിലൂടെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്.
ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ അക്ബര്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഇവര്‍ ആരോപിച്ചു. അക്ബറിനു കീഴില്‍ ജോലി ചെയ്തിരുന്ന സമയത്ത്, തന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് നിരന്തരം വിളിച്ചുവരുത്തുമായിരുന്നുവെന്നും വാതില്‍ അടച്ചതിനു ശേഷം ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയത്. എതിര്‍ത്തപ്പോള്‍ രോഷാകുലനായ അക്ബര്‍ മറുപടി അറിയിക്കാമെന്ന് പറഞ്ഞു.

ലൈവ് മിന്റ് നാഷനല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയും എം ജെ അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എം ജെ അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് അഭിമുഖത്തിനായി എത്തിയ വനിതാ പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

1994ല്‍ നടന്ന സംഭവത്തെ കുറിച്ചാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. അതേസമയം, എം ജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാറോ ബി ജെ പിയുടെ ഔദ്യോഗിക വൃത്തങ്ങളോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പ്രതികരണവും നടത്താതെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒഴിഞ്ഞുമാറി.