കൊച്ചിയടക്കം 40 ഇടങ്ങളിലേക്ക് എമിറേറ്റ്‌സില്‍ ബാഗേജ് പരിധി ഉയര്‍ത്തി

Posted on: October 10, 2018 5:49 pm | Last updated: October 10, 2018 at 5:49 pm

ദുബൈ: ഈ മാസം മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ യു എ ഇയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലുള്ള യാത്രയില്‍ ബാഗേജ് പരിധി 40 മുതല്‍ 50 കിലോ വരെയാക്കി ഉയര്‍ത്തി.
ചെക്കിംഗ് ബാഗേജ് 10ല്‍ നിന്ന് 20 കിലോ വരെയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 40 ഇടങ്ങളിലേക്കാണ് സൗകര്യമേര്‍പെടുത്തിയിട്ടുള്ളത്.

ഇന്ത്യ, ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്‍, ചൈന, മിഡിലീസ്റ്റിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ബാഗേജ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കുള്ള യാത്രക്കും ഇത് പ്രയോജനപ്പെടുത്താം.
കൊച്ചിയെ കൂടാതെ അഹ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ബാഗേജ് പരിധി ഉയര്‍ത്തി. 40 കിലോയാണ് ഇവിടങ്ങളിലേക്ക് അനുവദിച്ചിരിക്കുന്നത്.

കൊളംബോ, ബീജിംഗ്, ഷാംഗ്ഹായ്, മനില, സെബു, ക്ലാര്‍ക്ക്, ജക്കാര്‍ത്ത, ധാക്ക, പെഷവാര്‍, കറാച്ചി, അമ്മാന്‍, കാബൂള്‍ തുടങ്ങിയവയാണ് മറ്റു ലോകനഗരങ്ങള്‍.
ഈ മാസം 31നുള്ളില്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇത് ബാധകമാവുക.
ഓരോ സ്ഥലങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 13 വരെയാണ് ഓഫര്‍ നിലനില്‍ക്കുക. ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ മാസം 31 വരെയാണ് ഓഫര്‍.
അതേസമയം ഏത് വിധേനയും പര്‍ചേസ് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ഉണ്ടായിരിക്കില്ലെന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രമാണ് സൗകര്യം പ്രയോജനപ്പെടുത്താനാവൂവെന്നും അധികൃതര്‍ അറിയിച്ചു.