കരിപ്പൂരില്‍ കസ്റ്റംസ് വിഭാഗത്തിനെതിരെ പരാതികള്‍ വര്‍ധിക്കുന്നു

Posted on: October 10, 2018 4:19 pm | Last updated: October 10, 2018 at 4:19 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെയുള്ള പരാതികള്‍ വര്‍ധിക്കുന്നു. സി സി ടി വി ക്യാമറകള്‍ നീക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങ ള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍. ഗ്ലാസ് ചുമരുകളെല്ലാം പോസ്റ്ററുകള്‍ ഒട്ടിച്ചുവെച്ചതായാണ് പുതിയ പരാതി. അതോടൊപ്പം തന്നെ ശുചീകരണ തൊഴിലാളികള്‍ക്കു പോലും ഇവിടേക്ക് പ്രവേശനം നല്‍കുന്നില്ലെന്നും പരാതിയുയര്‍ന്നു. സുരക്ഷയുടെ പേരു പറഞ്ഞാണ് കസ്റ്റംസ് ഹാളിലെ സി സി ടി വി ക്യാമറകള്‍ നീക്കം ചെയ്തിരുന്നത്. അതേ കാരണങ്ങള്‍ തന്നെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്കും ന്യായീകരണമായി പറയുന്നത്. കസ്റ്റംസ് ഓഫീസുകളിലെല്ലാം ഫഌക്‌സ് സ്റ്റിക്കറുകള്‍ പതിച്ചിരിക്കുകയാണ്. ഇത്രവലിയ രഹസ്യം എന്താണെന്നാണ് യാത്രക്കാരുടെ ചോദ്യം.

ശുചിമുറികളും മറ്റും വൃത്തിഹീനമായതായി വ്യാപക പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. ബാത്ത്‌റൂം ശുചീകരണ തൊഴിലാളികളെ കസ്റ്റംസ് ഹാളില്‍ കയറ്റുന്നതിന് കസ്റ്റംസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കസ്റ്റംസ് ആഗമന ഹാളിലെ ശുചിമുറി വൃത്തിഹീനമാകാന്‍ കാരണമത്രെ. യാത്രക്കാര്‍ വിമാനമിറങ്ങുന്ന സമയത്ത് ശുചീകരണ തൊഴിലാളികള്‍ കസ്റ്റംസ് ആഗമന കേന്ദ്രത്തി ല്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ശുചീകരണ തൊഴിലാളികള്‍ കള്ളക്കടത്തുകാരെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റംസ് ഹാളില്‍ കയറ്റാത്തത്. ഇതിന് ക്യാമറയും മറ്റ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് അവരെ നിരീക്ഷിച്ചാല്‍ പോരേയെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇക്കാര്യത്തില്‍ പരാതികളുമായി പല പ്രമുഖരും തങ്ങളെ സമീപിച്ചതായി മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ ടെര്‍മിനല്‍ കരിപ്പൂരില്‍ ഉദ്ഘാടനത്തിന് തയ്യാറായിവരികയാണ്. എന്നാല്‍ ഇക്കാര്യത്തിലും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കസ്റ്റംസ് വിമുഖത കാണിക്കുന്നു. ആവശ്യമായ കസ്റ്റംസ് സ്‌കാനര്‍ മെഷീനുകള്‍ എത്തിക്കാന്‍ നടപടികളെടുത്തിട്ടില്ല. സ്വയം സംവിധാനം ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ എയര്‍പോര്‍ട്ട് ഡയറക്ടറോട് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ഇതിനും കസ്റ്റംസ് ഓഫീസ് തയ്യാറാകുന്നില്ലത്രെ.

ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പടുത്താന്‍ വൈകുന്നത് കരിപ്പൂരിന്റെ വികസനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിനെ വരെ ഇത് ബാധിച്ചേക്കും. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ലഭിക്കുകയും സഊദി എയര്‍ലൈന്‍സ് അടുത്ത മാസമാദ്യം സര്‍വീസ് ആരംഭിക്കാനിരിക്കുകയുമാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞും തെറ്റായ പ്രചാരണങ്ങള്‍ നടത്തിയും ഇതിന് തടയിടാന്‍ ശ്രമം നടക്കുന്നുണ്ട്. 137 ഏക്കര്‍ ഭൂമി ഏറ്റെടുത്താലേ കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങുകയുള്ളൂവെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഭാവി വികസനത്തിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോ ള്‍ വിമാനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യത്തിനും മറ്റുമായി ഭൂമി ഏറ്റെടുക്കണമെന്നാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് വലിയ വിമാനങ്ങ ളുടെ സര്‍വീസിനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.

അതേസമയം, ഏതാനും ദിവസത്തിനുള്ളില്‍ സഊദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസിനുള്ള ബുക്കിംഗ് ആരംഭിക്കുമെന്നറിയുന്നു. ഡസ്റ്റിനേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ ഉടന്‍ തീര്‍പ്പുണ്ടാകും. ഇതിന്റെ ഭാഗമായി സഊദി എയര്‍ അധികൃതര്‍ ഇന്നലെ കോഴിക്കോട് സന്ദര്‍ശിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്കാണ് അവര്‍ എത്തിയത്.

സഊദി സര്‍വീസിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം എയര്‍ഇന്ത്യാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എം കെ രാഘവന്‍ എം പിയും പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. സഊദി എയറിന്റെയത്ര താത്പര്യം വലിയ വിമാനങ്ങളുടെ സര്‍വീസിന്റെ കാര്യത്തില്‍ എയര്‍ഇന്ത്യ കാണിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നീക്കങ്ങള്‍ നടത്തുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി സിറാജിനോട് പറഞ്ഞു.