Connect with us

Prathivaram

ഫേസ്ബുക്കിന്റെ പൂട്ട് വീണ്ടും പൊളിച്ച് കള്ളന്‍

Published

|

Last Updated

സുരക്ഷാ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 50 ദശലക്ഷം പേരുടെ സ്വകാര്യ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്ന വിവരം ഫേസ്ബുക്ക് പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ആക്‌സസ് ടോക്കണ്‍ ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ ഇത് സാധ്യമാക്കിയത്. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയില്‍ എത്തിയത്. ശേഷം വെള്ളിയാഴ്ച എന്താണ് സംഭവമെന്ന് വ്യക്തമാകുകയും ആക്‌സസ് ടോക്കനുകളെല്ലാം ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയും ചെയ്തു.
ലോകമെമ്പാടും പ്രതിമാസം രണ്ട് ബില്യന്‍ (200 കോടി) സജീവ യൂസര്‍മാരാണ് ഫേസ്ബുക്കിനുള്ളത്. ഹാക്കിംഗിന് വിധേയരായ യൂസര്‍മാര്‍ക്ക് വെള്ളിയാഴ്ച വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

ഉപയോക്താക്കള്‍ക്ക് സ്വന്തം പ്രൊഫൈല്‍ സുഹൃത്തുക്കള്‍ക്കും പബ്ലിക്കിനുമൊക്കെ എപ്രകാരം കാണപ്പെടുമെന്ന് സൂചിപ്പിക്കുന്ന ഒരു ഫീച്ചറാണ് ആക്‌സസ് ടോക്കണ്‍. ഹാക്കര്‍മാര്‍ ഈ ഫീച്ചറില്‍ ഒന്നിലധികം ബക്ഷുകള്‍ കണ്ടെത്തി. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലോ പ്രോഗ്രാമിലോ സംഭവിക്കുന്ന തകരാറാണ് ബക്ഷുകള്‍. ഇതാണ് അവരെ ഫേസ്ബുക്കിന്റെ യൂസര്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആക്‌സസ് ടോക്കണ്‍ മോഷ്ടിക്കാന്‍ സഹായിച്ചത്. ആക്‌സസ് ടോക്കണ്‍ എന്നത് ഡിജിറ്റല്‍ കീക്കു സമാനമാണ്. ഇതാണ് യൂസര്‍മാരെ ഫേസ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നത്. ഹാക്കര്‍മാര്‍ക്ക് വഴികാണിച്ചതും ഇതേ ഫീച്ചര്‍ തന്നെ. കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്ന് നേരത്തെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഫേസ്ബുക്കിന് ഈ സംഭവം വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നു യൂറോപ്പിലെയും യു എസിലെയും ഭരണകൂടങ്ങളെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ 50 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

ബ്രിട്ടീഷ് ഡാറ്റാ അനലറ്റിക്കല്‍ സ്ഥാപനമായ കാംബ്രിഡ്ജ് അനലിറ്റിക്കയാണ് ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കി 2015ല്‍ ആദ്യമായി രംഗത്തെത്തിയത്. ശേഷം യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരകര്‍ക്ക് വേണ്ടി ഫേസ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു അനലിറ്റിക്ക മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കാംബ്രിഡ്ജ് അനലിറ്റിക്ക സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ട്രംപിന്റെ അനുയായികള്‍ക്ക് കൈമാറിയതായും ആരോപണമുയര്‍ന്നിരുന്നു. അതോടെ ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി.

അന്ന് കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് 5,62,455 ഇന്ത്യക്കാരുടെ രേഖകളാണെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 335 ഇന്ത്യക്കാര്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങള്‍ ശേഖരിച്ചതെന്നും ഫേസ്ബുക്ക് വിശദമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉപയോക്താക്കളോട് മാപ്പ് പറഞ്ഞെങ്കിലും ഇപ്പോഴും അവ്യക്തതകള്‍ നീങ്ങിയിട്ടില്ല എന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഫേസ്ബുക്ക്.
ഈയവസരത്തില്‍ ഫേസ്ബുക്കില്‍ സജീവമായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ചില സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. പാസ്‌വേഡ്
അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള പ്രധാന ദൗത്യം സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കുക എന്നതാണ്. പല അക്കൗണ്ടുകള്‍ക്കും പല പാസ്‌വേഡുകള്‍ ഉപയോഗിക്കണം. ഒരുപോലെ പാസ്‌വേഡ് നല്‍കിയാല്‍ ഫൂള്‍പ്രൂഫ് എന്ന രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യാനാകും.

2. ആപ്ലിക്കേഷനുകളെ
കണ്ണടച്ച് വിശ്വസിക്കരുത്
ഫോണില്‍ പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അറിയാതെയെങ്കിലും അവരുടെ നിര്‍ദേശങ്ങള്‍ നമ്മള്‍ ശരിവെക്കും. അറിയാതെ സംഭവിച്ചതാണെങ്കിലും നമ്മള്‍ നല്‍കുന്നത് സ്വന്തം ഡാറ്റകളില്‍ കടന്നു കയറാനുള്ള അനുവാദമാണ്. ആപ്പ് സെറ്റിംഗില്‍ പോയി നമുക്ക് ഈ അനുവാദം തിരിച്ചെടുക്കാനും കഴിയും. പുതുതായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ എല്ലാം വായിച്ച് നോക്കാതെ ഓക്കേ കൊടുക്കാതിരിക്കുക. ഫേസ്ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ ഒഴിവാക്കുക. ഇത്തരം പരസ്യങ്ങള്‍ നമ്മുടെ അഭിരുചി അറിയാനുള്ളതാണ്. ഫേസ്ബുക്ക് സെറ്റിംഗ്‌സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷന്‍ ഒഴിവാക്കാം. ഫേസ്ബുക്ക് ലോഗ് ചെയ്ത് ഉപയോഗിക്കേണ്ട ആപ്പുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സംശയം തോന്നുന്നവ ആപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക.

3. രഹസ്യങ്ങളെല്ലാം
പരസ്യമാക്കേണ്ട
സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ എല്ലാ വിവരങ്ങളും ഇടാതിരിക്കുക. എല്ലാ സ്വകാര്യനിമിഷങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഫോട്ടോ, വീഡിയോ തുടങ്ങിയവ നമുക്ക് തന്നെ പിന്നീട് വിനയായി വന്നേക്കാം.

4. സുരക്ഷാ ക്രമീകരണങ്ങള്‍
എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും രണ്ടുതരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. ആപ്പില്‍ തന്നെ ഈ സൗകര്യം ഉണ്ട്. സെക്യൂരിറ്റിയില്‍ ചെന്ന ശേഷം ഈ സൗകര്യം ഓണ്‍ ആക്കിയാല്‍ നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പര്‍ വരും. ഓരോ ലോഗിനും ഇതേ രീതിയില്‍ കോഡ് നമ്പര്‍ ലഭിക്കും. ഈ രീതി പിന്തുടര്‍ന്നാല്‍ ആര്‍ക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല. ടൈംലൈന്‍ ഫേസ്ബുക്ക് കൂട്ടുകാര്‍ക്ക് മാത്രം കാണുന്ന രീതിയില്‍ ആക്കുക. െ്രെപവസി സെറ്റിംഗ്‌സ് വഴി ഇത് ചെയ്യാന്‍ കഴിയും.

5. എപ്പോഴും ലോഗിന്‍
ആവാതിരിക്കുക
ഫേസ്ബുക്ക് സ്ഥിരമായി ലോഗ് ഇന്‍ ചെയ്തിടുന്നവരുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഫോണില്‍. അത് ഒഴിവാക്കുക. ഏതൊക്കെ ഡിവൈസുകളില്‍ നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. അതിനാല്‍ പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍പെട്ടാല്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിംഗ്‌സിലൂടെ സെക്യൂരിറ്റി ആന്‍ഡ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്ത് നേരെ വലതു ഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക. ഡെസ്‌ക് ടോപ്പ്, ഐ ഒ എസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്.
.