Connect with us

Kerala

താനൂര്‍ സവാദ് വധം: മുഖ്യ പ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങി

Published

|

Last Updated

 

തിരൂര്‍: താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(40)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയും സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകനുമായ താനൂര്‍ തെയ്യാല ഓമച്ചപ്പുഴ സ്വദേശി കൊളത്തൂര്‍ ബഷീര്‍(39) പോലീസില്‍ കീഴടങ്ങി. കൃത്യം നടത്തിയ ശേഷം ഷാര്‍ജയിലെ ജോലി സ്ഥലത്തേക്കു മുങ്ങിയ പ്രതി ഇന്നലെ രാവിലെ ആറരയോടെ താനൂര്‍ സി.ഐ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്.

പ്രവാസി മലയാളികളുടെ ഇടപെടലും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും ഫലമായാണ് പ്രതിയെ നാട്ടിലെത്തിക്കാന്‍ സാധിച്ചതെന്ന് താനൂര്‍ സി.ഐ എം.ഐ ഷാജി പറഞ്ഞു. ഞായറാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിലാണ് പ്രതി ഇറങ്ങിയത്. ശേഷം ഇന്ന് പുലര്‍ച്ചയോടെ താനൂര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. മുമ്പ് സൗദിഅറേബ്യയിലായിരുന്ന ബഷീര്‍ ഇപ്പോള്‍ ഷാര്‍ജയില്‍ ഫയര്‍ സ്‌റ്റേഷനിലെ പാചകക്കാരനായി ജോലി നോക്കി വരികയായിരുന്നു. കൃത്യം നടത്തിയ ശേഷം ഷാര്‍ജയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിബഷീര്‍ രാജ്യം വിട്ടതറിഞ്ഞതു മുതല്‍ പോലീസ് ഇയാള്‍ക്കായി വലവീശിയിരുന്നു. ഷാര്‍ജയിലെ മലയാളി സംഘടനകള്‍ക്ക് പോലീസ് പ്രതിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും മറ്റും കൈമാറി. തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയും നാട്ടിലേക്കയക്കാനുള്ള നടപടികള്‍ കൈകൊള്ളുകയുമായിരുന്നു. പ്രതിക്കു വേണ്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിരുന്നു.രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇല്ലെന്നായതോടെ ഇയാള്‍ നാട്ടിലേക്കു വരികയും താനൂര്‍ പോലീസില്‍ കീഴടങ്ങുകയുമായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന സൗജത്ത്, ബഷീറിന്റെ കൂട്ടാളി സുഫിയാന്‍ എന്നിവരെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനിരിക്കെയാണ് മുഖ്യ പ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങിയത്.

കീഴടങ്ങിയ ഉടനെ തെയ്യാലയിലെ കോര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന് പ്രതിയെ തെളിവെടുപ്പ് നടത്തി. പ്രതി ഉപേക്ഷിച്ച കത്തിയും മരവടിയും സമീപത്തെ വയലില്‍ നിന്നും പോലീസ് കണ്ടെത്തിയതായി സി.ഐ പറഞ്ഞു.തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗൃഹനാഥനായ സവാദിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ശേഷം മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം സംഭവം മറച്ചു വെയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ സൗജത്ത് സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സവാദിന്റെ മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയും ഇപ്പോള്‍ സവാദിന്റെ വീട്ടുകാരോടൊപ്പമാണ് കഴിയുന്നത്.തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയയി സ്ഥിരീകരിച്ചു. കാമുകന്‍ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. ബഷീറിന്റെ അടിയുടെ ആഘാതത്തില്‍ തലയോട്ടി കലങ്ങി രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. ഈ സമയം ഞെരുക്കം മാത്രമായിരുന്നു കേട്ടിരുന്നത്. മരണം ഉറപ്പാക്കാനായി സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ആറാം ക്ലാസുകാരിയായ മകളോടൊപ്പമാണ് സംഭവം നടക്കുമ്പോള്‍ രാത്രി സവാദ് കിടന്നിരുന്നത്. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന മകളെ ഉടനെ സൗജത്ത് മുറിയിലിട്ട് പൂട്ടിയ ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്ത് മരണം ഉറപ്പാക്കിയത്. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താന്‍ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് നേരത്തെ മൊഴി നല്‍കിയിരുന്നു. ആദ്യം സൗജത്തിനോടു തന്നെ കൃത്യം നടത്താനായിരുന്നു ബഷീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സൗജത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബഷീര്‍ നാട്ടിലേക്കെത്തി കൃത്യം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 2ന് മംഗലാപുരം വിമാനത്താവളം വഴി കൃത്യം നടപ്പാക്കുന്നതിനായി ബഷീര്‍ നാട്ടിലെത്തി. ഇവിടെ നിന്നും തെയ്യാല ഓമച്ചപ്പുഴ സ്വദേശിയും കാസര്‍കോട് ഐ.ടി.ഐ വിദ്യാര്‍ഥിയുമായ 21കാരനായ സുഫിയാന്റെ സഹായത്തോടെ കാര്‍ വാടകയ്‌ക്കെടുത്ത് ആദ്യദിവസം കോര്‍ട്ടേഴ്‌സിലെത്തി കൊലപാതകം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ സവാദ് ഉറങ്ങാന്‍ വൈകിയതു കാരണം ശ്രമം പരാജയപ്പെട്ടു .ഇവര്‍ മടങ്ങി കോഴിക്കോട് ആഢംബര ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. തൊട്ടടുത്ത ദിവസം കോഴിക്കോട്ടെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് സൗജത്ത് ഹോട്ടല്‍ മുറിയിലെത്തുകയും ബഷീറുമൊത്ത് കൊലപാതകം ആസുത്രണം ചെയ്തു. അന്നേ ദിവസം കോഴിക്കോട് ഏറെ നേരം ചിലവഴിച്ച ശേഷം വൈകിട്ടോടെ ചെമ്മാട് ഇതേ കാറില്‍ സൗജത്തിനെ ഇറക്കി. ഇവിടെനിന്ന് ബസില്‍ തെയ്യാലയിലേക്കു മടങ്ങി കോര്‍ട്ടേഴ്‌സിലെത്തി. ഈ സമയം സവാദ് മത്സബന്ധനത്തിനായി കടലില്‍ പോയതായിരുന്നു. രാത്രി വൈകി എത്തിയ സവാദ് ക്ഷീണം കാരണം നേരത്തേ കിടന്നുറങ്ങിയിരുന്നു. രാത്രി 12മണിയോടെ സൗജത്ത് മൊബൈല്‍ വഴി സവാദ് ഉറങ്ങിയ വിവരം ബഷീറിനെ അറിയിച്ചു. 12.30ഓടെ എത്തിയ ബഷീര്‍ സൗജത്ത് നേരത്തേ തുറന്നുവെച്ച പിറകിലെ വാതിലിലൂടെ അകത്ത് പ്രവേശിച്ചു. ശേഷം കൈയ്യില്‍ കരുതിയ മരവടിയെടുത്ത് തലയില്‍ ആഞ്ഞടിച്ചു. പിന്നീട് മരണം ഉറപ്പാക്കാന്‍ സൗജത്ത് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം സുഫിയാന്റെ കൂടെ കാറില്‍ തന്നെ ബഷീര്‍ മടങ്ങി. കണ്ണൂരിലെ ട്രാവല്‍സിലെത്തി ടിക്കറ്റെടുത്ത് മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിച്ചതും സുഫിയാനായിരുന്നു.

അതേസമയം കാമുകിയെ കാണാനെന്നു മാത്രമായിരുന്നു തന്നോട് പറഞ്ഞെതെന്നാണ് സുഫിയാന്‍ പോലീസില്‍ മൊഴിനല്‍കിയത്. കാര്‍ വാടകയ്ക്കു നല്‍കുന്ന ഏര്‍പ്പാടുണ്ടായിരുന്നതാണ് ബഷീര്‍ സുഫിയാനെ ബന്ധപ്പെടാന്‍ കാരണം. സംഭവത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബഷീറിനെയും മറ്റു പ്രതികളോടൊപ്പം ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മൂന്ന് പേരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടല്‍

Latest