Connect with us

Articles

വിവാഹേതര ലൈംഗിക ബന്ധവും കോടതിയും

Published

|

Last Updated

ഇന്ത്യന്‍ ഭരണഘടനയെ പൗരാവകാശങ്ങളുടെ കാവലാളായാണ് ഗണിക്കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഭരണഘടന കാത്തുപോന്നിട്ടുണ്ട്. ഭരണകൂടം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചപ്പോഴെല്ലാം അതിനെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടുവന്ന ചരിത്രം അതിനുണ്ട്. കഴിഞ്ഞ കുറെ കാലമായി ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍ പറ്റിയ ഒരു സ്ഥാപനമാണ് സുപ്രീം കോടതി. ഗോ മാംസത്തിന്റെ പേരില്‍ ഇന്ത്യയില്‍ കൊല നടന്നപ്പോഴും ആള്‍ക്കൂട്ട ഹത്യ അരങ്ങേറിയപ്പോഴും കോടതിയാണ് ഇടപെട്ട് സംസാരിച്ചത്. അവിടെ ഭരണകൂടം നിഷ്പ്രഭമാവുന്നത് നാം കണ്ടു. അങ്ങനെയുള്ള കോടതിയാണ് ഈയടുത്ത് തന്നെ ഒന്നിലേറെ വിഷയങ്ങളില്‍ ഇടപെട്ട് ഉത്തരവിറക്കിയും പൗരാവകാശത്തെയും മതപരമായ സ്വാതന്ത്ര്യത്തെയും ഹനിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിധികളായിരുന്നു വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന വിധിയും സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ചുകൊണ്ടുള്ള കോടതി വിധിയും. ഇവ രണ്ടും ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അവന്റെ വിശ്വാസ പ്രമാണങ്ങളെ അത്രമേല്‍ മുറിവേല്‍പ്പിക്കുന്നതുമാണ്.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണെന്നത് ഭരണഘടനാ ശില്‍പ്പികള്‍ തന്നെ അക്കാലങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ചതും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതുമാണ്. 158 വര്‍ഷം പഴക്കമുണ്ടതിന്. ഐ പി സി 497-ാം വകുപ്പ് പ്രകാരം വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാണ്. ആ നിയമമാണ് സുപ്രീം കോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള അഞ്ച് ജഡ്ജിമാരുടെ ബഞ്ചാണ് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ വിവാദമായ തീരുമാനം കൈക്കൊണ്ടത്. ഇതിലൂടെ സുപ്രീം കോടതി ലക്ഷ്യമിടുന്നത് ആരെയാണ്? ഇതിനു പിറകില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടോ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ വരാനിരിക്കുന്നതേയുള്ളൂ.
വിവാഹേതര ലൈംഗിക ബന്ധത്തെ അനുകൂലിക്കാത്തവര്‍ സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം കാണുന്നവരും അവളെ സ്വകാര്യ സ്വത്തായി പരിഗണിക്കുന്നവരുമാണെന്ന തീര്‍ത്തും വിചിത്രമായ ന്യായമാണ് സുപ്രീം കോടതി മുന്നോട്ടു വെച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു വ്യവസ്ഥ സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാപരമാണെന്ന ന്യായം എന്തുമാത്രം അന്യായമാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഭര്‍ത്താവ് ഭാര്യയുടെ ഉടമയാണോ അല്ലയോ എന്ന തര്‍ക്കം കൂടി ഈ ഉത്തരവിലൂടെ സുപ്രീം കോടതി ഉന്നയിക്കുന്നുണ്ട്. കോടതിയുടെ നിരീക്ഷണപ്രകാരം ഭാര്യ ഒരിക്കലും തന്നെ ഭര്‍ത്താവിന്റെ കീഴിലല്ല. അവള്‍ക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ട്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കടന്നുകളയാനും ഏത് നേരത്തും വിവാഹമെന്ന ഉടമ്പടി റദ്ദ് ചെയ്യാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് പതിച്ചുനല്‍കുകയും ചെയ്യുന്നു.

മഹിതമായ ഒരു കുടുംബ വ്യവസ്ഥ ഭാരത സംസ്‌കാരത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്നുണ്ട്. അത് തികച്ചും ഭാരതീയവും പാശ്ചാത്യ സാംസ്‌കാരത്തിന്റെ ജീര്‍ണിച്ച കുടുംബ വ്യവസ്ഥയുടെ നേര്‍വിപരീതവുമാണ്. ഇന്ത്യയിലെ മതങ്ങളെല്ലാം തന്നെ ഭാര്യാ-ഭര്‍തൃ ബന്ധത്തെ പാവനമായി കാണുന്നതാണ്. മതസങ്കല്‍പ പ്രകാരം ഭാര്യ ഭര്‍ത്താവിന് അധീതയല്ല. എന്നാല്‍ അവള്‍ അടിമയുമല്ല. സ്വതന്ത്രമായി കാര്യങ്ങളെ കാണാനും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഭാര്യക്ക് മതം സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. എങ്കിലും പാശ്ചാത്യ രാജ്യങ്ങളിലെ അതിരുകവിഞ്ഞ സ്വാതന്ത്ര്യത്തെ അത് വകവെച്ചു കൊടുക്കുന്നുമില്ല. കോടതിയുടെ വിധിപ്രകാരം നാം പാവനമായി കാത്തുപോന്നിരുന്ന പല കുടുംബ സങ്കല്‍പങ്ങളും തകിടംമറിയുന്നു. വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായിരുന്നു മുമ്പ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് ഇതാണ് അനുവര്‍ത്തിക്കുന്നത്. ഈ നിയമപ്രകാരം പുരുഷന്‍ മാത്രമായിരുന്നു കുറ്റക്കാരന്‍.

വിവാഹ ബന്ധങ്ങളുടെ പരിശുദ്ധി എന്നത് ഭാര്യാഭര്‍തൃ ബന്ധങ്ങളുടെ പരിശുദ്ധിയാണ്. ഒരു സ്ത്രീ അന്യപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഈ പരിശുദ്ധിയെ ഹനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുരുഷന്‍ തന്റെ ഭാര്യയെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിടുന്നതും അതേപോലെത്തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ കുടുംബ ബന്ധത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതില്‍ രണ്ടുപേര്‍ക്കും തുല്യ പങ്കുണ്ട്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നതോടെ ഈ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധങ്ങളിലേക്കുള്ള കടന്നുകയറ്റം സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി കോടതി നിരീക്ഷിക്കുന്നത് മഹനീയമായ കുടുംബ പൈതൃകത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നു.
ലോകത്തിലെ ഭൂരിപക്ഷ രാജ്യങ്ങളും വിവാഹേതര ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്നില്ല. മിക്ക രാജ്യങ്ങളിലും കടുത്ത ശിക്ഷ തന്നെ ഇത്തരം ലൈംഗിക വൈകൃതങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പുരോഗമനത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ ഇത് കുറ്റകരമല്ലെന്നത് നമ്മുടെ കുടുംബ സങ്കല്‍പങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കാരണമല്ല. വിവാഹേതര ബന്ധംകൊണ്ട് മാത്രമല്ല ദാമ്പത്യ ബന്ധങ്ങള്‍ തകരുന്നതെന്ന കോടതിയുടെ കണ്ടെത്തല്‍ ഒരു വാദത്തിന് അംഗീകരിച്ചു കൊടുക്കാമെങ്കിലും, ദാമ്പത്യത്തകര്‍ച്ചക്ക് മുഖ്യ കാരണം പരപുരുഷ ബന്ധം തന്നെയാണ്. ഈയിടെ ദാമ്പത്യ തകര്‍ച്ചയെ സംബന്ധിച്ച് നടത്തിയ ഒരു പഠനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയില്‍ സംഭവിക്കുന്ന ദാമ്പത്യ അസ്വാരസ്യങ്ങളുടെ മൂല കാരണങ്ങളില്‍ മുഖ്യം പരപുരുഷ ബന്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ തുല്യത എന്ന സങ്കല്‍പം ലൈംഗികാഭാസത്തിന്റെ ലൈസന്‍സായി മാറുന്നതെങ്ങനെയാണ്?

സ്വവര്‍ഗ ലൈംഗികതയും ഇന്ത്യയിലിന്ന് ചൂട് പിടിച്ച ഒരു സംവാദ വിഷയമായി മാറിക്കഴിഞ്ഞു. അതിനും നിമിത്തമായത് കോടതിയുടെ ഉത്തരവാണ്. സ്വവര്‍ഗ ലൈംഗികത, ലൈംഗിക പൈതൃകങ്ങളുടെ ലൈസന്‍സായിട്ടാണ് പല രാജ്യങ്ങളും സമീപിക്കുന്നത്. ചില പാശ്ചാത്യ രാജ്യങ്ങള്‍ ഈയടുത്ത കാലത്ത് മാത്രമാണിതിനെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. അതുതന്നെ വര്‍ഷങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. സംസ്‌കാര സമ്പന്നരുടെയും മതനേതൃത്വങ്ങളുടെയും എതിര്‍പ്പുകളെ മറികടന്നാണ് പല രാജ്യങ്ങള്‍ക്കും ഇതിന് നിയമ പരിരക്ഷ നല്‍കാന്‍ കഴിഞ്ഞത്. അത്രമാത്രം എതിര്‍പ്പുകള്‍ സ്വവര്‍ഗ രതിക്കെതിരായി ഉയര്‍ന്നുവന്നു. ഇന്ത്യ ഒഴികെയുള്ള പല മൂന്നാം ലോക രാജ്യങ്ങളിലും സ്വവര്‍ഗ രതി ഇന്നും നിയമത്തിന്റെ കടുത്ത ശിക്ഷക്ക് വിധേയമാണ്. എന്നിട്ടും കോടതി ഇതിനെ ശരിവെക്കുകയും നമ്മുടെ കുടുംബ ബന്ധങ്ങള്‍ക്ക് പരുക്കേല്‍പിക്കുകയും ചെയ്തു. സമത്വമെന്നത് ലൈംഗിക സമത്വമാണെന്ന തെറ്റായ സൂചനകളാണ് ഇത് സാധാരണക്കാരില്‍ സംപ്രേക്ഷിക്കുന്നത്. ബഹുമാനപ്പെട്ട കോടതിക്ക് വീണ്ടുവിചാരമുണ്ടായാല്‍ അത്രയും നന്ന്.

---- facebook comment plugin here -----

Latest