Connect with us

Gulf

ഇലക്‌ട്രോണിക് വിപണന മേളയുടെ കരുത്തുകാട്ടി ജൈറ്റക്‌സിന് സമാപനം

Published

|

Last Updated

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഐ ടി-ഇലക്‌ട്രോണിക്‌സ് പ്രേമികളുടെ മനസ്സ് നിറച്ച് ജൈറ്റക്‌സ് ഷോപ്പര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമാപിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഐ ടി, ഇലക്‌ട്രോണിക്‌സ് വിപണന മേളക്കാണ് കഴിഞ്ഞ അഞ്ച് ദിവസം വേള്‍ഡ് ട്രേഡ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.

ആശ്ചര്യകരമായ വാഗ്ദാനങ്ങളോടെ നിരവധി കമ്പനികള്‍ എത്തിയപ്പോള്‍ വിസ്മയിപ്പിക്കുന്ന ഓഫറുകളില്‍ ആകൃഷ്ടരായി വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തി. ഇലക്‌ട്രോണിക്-ഐ ടി വിപണന രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ജൈറ്റക്‌സ് ഷോപ്പര്‍ നടത്തിയത്.

നിരവധി പുതിയ ഉത്പന്നങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്. അതിശയകരമായ ഓഫറുകളില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ കച്ചവടമാണ് അഞ്ച് ദിവസംകൊണ്ട് നടന്നത്. ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമായിരുന്നു ആവശ്യക്കാരേറെ. പുതുതലമുറ ഫോണുകളും ക്യാമറകളും വന്‍തോതില്‍ വില്‍പന നടത്തി.
പല കമ്പനികളും വില്‍പനയില്‍ വലിയ ശതമാനം വളര്‍ച്ച കൈവരിച്ചു. സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപുകള്‍, സ്മാര്‍ട് ടിവികള്‍, സ്മാര്‍ട് വാച്ചുകള്‍, ക്യാമറ, ഗെയിംസ് തുടങ്ങി 35,000ത്തിലധികം ഉത്പന്നങ്ങളാണ് ഒരുക്കിയിരുന്നത്.

35,000 വ്യത്യസ്ത ഉത്പന്നങ്ങളാണ് ജൈറ്റക്‌സിലുണ്ടായിരുന്നത്. ടിക്കറ്റിനോടൊപ്പം നല്‍കുന്ന കൂപ്പണ്‍ പൂരിപ്പിച്ചിടുന്ന സന്ദര്‍ശകര്‍ക്കായി “വിസിറ്റ് ആന്‍ഡ് വിന്‍” എന്ന ക്യാപ്ഷനോടെ ദിവസവും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍, ഷോപ്പ് ആന്‍ഡ് വിന്‍ സമ്മാന പദ്ധതികളും ഒരുക്കിയിരുന്നു.

Latest