Connect with us

Kerala

എക്‌സൈസ് മന്ത്രിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപം നടത്തിയ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ പുറത്താക്കാനുള്ള ആര്‍ജ്ജവം സി.പി.എം കേന്ദ്രനേതൃത്വം കാണിക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

പ്രാഥമിക പരിശോധന പോലും നടത്താതെ കടലാസ് ബ്രൂവറി, ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനുമതി നല്‍കിയ എക്‌സൈസ് മന്ത്രി അതിഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വലിയ വീഴ്ച വരുത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരുന്നതിന് ഭരണപരവും രാഷ്ട്രീയവും ധാര്‍മികവുമായ അര്‍ഹത തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഒരു ഭരണാധികാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഈ ഇടപാടുകള്‍ക്ക് പിന്നില്‍ വന്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും രാജിവെച്ചു അന്വേഷണം നേരിടുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്ന മന്ത്രിയെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഎം കേന്ദ്രനേതൃത്വം കാണിക്കണം.

ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിന്റേയും അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണ്. റാഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളുടെ മുന്നില്‍ മൗനിയായി മാറിയ നരേന്ദ്ര മോഡിയുടെ പാത പിന്തുടരുന്നത് സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അഭികാമ്യമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Latest