നായയോട് ക്ഷമാപണം നടത്തിയില്ല; ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു; സഹോദരന് ഗുരുതര പരുക്ക്

Posted on: October 7, 2018 1:25 pm | Last updated: October 7, 2018 at 3:11 pm

ന്യൂഡല്‍ഹി: വളര്‍ത്ത് നായയുടെ ദേഹത്ത് വാഹനം തട്ടിയതിന് നായയോട് ക്ഷമാപണം നടത്താത്തിന് നാല്‍പ്പതുകാരനെ കുത്തിക്കൊന്നു. ഇയാളുടെ സഹോദരന്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയിലെ ഉത്തം നഗറിലെ മോഹന്‍ ഗാര്‍ഡനിലാണ് സംഭവം. കറിക്കത്തിയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ചാണ് വിജേന്ദര്‍ റാണെയെന്നയാളെ കുത്തിക്കൊന്നത്. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ഇയാളുടെ സഹോദരന്‍ രാജേഷ് റാണ(45)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടോമി എന്ന വളര്‍ത്തുനായയോടെ ക്ഷമ ചോദിക്കാത്തതിനാണ് സഹോദരന്‍മാരായ അങ്കിത്, പരസ് എന്നിവര്‍ക്ക് പുറമെ ഇവരുടെ കെട്ടിടത്തിലെ വാടകക്കാരനായ ദോവ് ചോപ്രയെന്നയാളും ചേര്‍ന്ന് അക്രമം നടത്തിയത്. വിജേന്ദര്‍ തന്റെ മിനി ട്രക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ അയല്‍ക്കാരുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയുടെ ദേഹത്ത് ഇടിച്ചുവെന്നാണ് ആരോപണം. നായയുടെ കുരകേട്ട് സമീപത്തുണ്ടായിരുന്നവര്‍ വിജേന്ദറിനെ വളയുകയായിരുന്നു. നായയോട് ക്ഷമ ചോദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം . എന്നാല്‍ വിജേന്ദര്‍ ഇതിന് തയ്യാറാകാതിരുന്നതോടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നതിന് അമ്പത് മീറ്റര്‍ അകലെയാണ് വിജേന്ദറിന്റെ വീട്. ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വിജേന്ദറിന്റെ കരച്ചില്‍ കേട്ടെത്തിയപ്പോഴാണ് സഹോദരനായ രാജേഷ് റാണക്ക് കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.