ദുരിതാശ്വാസനിധിയിലേക്കുള്ള പണം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റി: അനില്‍ അക്കര എംഎല്‍എ

Posted on: October 7, 2018 12:15 pm | Last updated: October 7, 2018 at 1:04 pm

ത്യശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം സിപിഎം പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്ന് അനില്‍ അക്കര എംഎല്‍എ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ത്യശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മറ്റിയാണ് ഇത്തരത്തില്‍ തിരിമറി നടത്തിയതെന്നും അനില്‍ അക്കരെ ആരോപിച്ചു. അടാട്ട് ലോക്കല്‍ കമ്മറ്റി 2,20,100 രൂപ പിരിച്ചതായാണ് കണക്കുള്ളത്. ഇത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ 23 ബ്രാഞ്ചുകളില്‍നിന്നായി പിരിച്ച തുക ലോക്കല്‍ സെക്രട്ടറി വകമാറ്റിയെന്നാണ് അനില്‍ അക്കരയുടെ ആരോപണം.

അന്വലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി 11,800 രൂപ പിരിച്ചെന്ന് കണക്കില്‍ കാണുന്നുണ്ടെങ്കിലും ലോക്കല്‍ സെക്രട്ടറി വെച്ച ബോര്‍ഡില്‍ ഇത് 9000 രൂപയായി കുറഞ്ഞുവെന്നും എംഎല്‍എ ആരോപിച്ചു. അതേ സമയം പണം അടിച്ചുമാറ്റുന്നത് തങ്ങളുടെ രീതിയല്ലെന്നും അത് എംഎല്‍എയുടെ പാര്‍ട്ടിയുടെ രീതിയാണെന്നുമാണ് ഇത് സംബന്ധിച്ച് സിപിഎം ജില്ലാ കമ്മറ്റി പ്രതികരിച്ചത്.