Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തേക്ക് 'മുങ്ങിയ' 773 ജീവനക്കാരെ പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് മറ്റു ജോലികള്‍ ചെയ്യുന്നതായും വ്യാജ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തിയ 773 ജീവനക്കാരെ പുറത്താക്കാന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടു. ഇതില്‍ 500 ഓളം ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് മറ്റ് ജോലികള്‍ ചെയ്യുകയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിരിച്ചു വിട്ടതില്‍ 304 പേര്‍ ഡ്രൈവര്‍മാരും 469 പേര്‍ കണ്ടക്ടര്‍മാരുമാണ്.

കാലാവധി കഴിഞ്ഞിട്ടും അവധിയില്‍ തുടരുന്ന ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എംഡിയായി ചുമതലയേറ്റ അവസരത്തില്‍ തച്ചങ്കരി നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.  45 ദിവസത്തിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലാത്ത പക്ഷം പിരിച്ചുവിടാമെന്നും ഹൈക്കോടതി ജൂണില്‍ ഉത്തരവിട്ടു. ഇതെ തുടര്‍ന്നാണ് നടപടി.

അടുത്ത ഘട്ടത്തില്‍ ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഉള്ള ജീവനക്കാര്‍ക്കതിരെയും നടപടിയെടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.