സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല: കോടിയേരി ബാലക്യഷ്ണന്‍

Posted on: October 5, 2018 10:04 am | Last updated: October 5, 2018 at 11:13 am

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. സുപ്രീം കോടതി വിധിയോടെ ലഭിച്ച അവസരം ഇഷ്ടമുള്ള സത്രീകള്‍ക്ക് ഉപയോഗിക്കാമെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

കോടതി വിധിയെ ചിലര്‍ സര്‍ക്കാറിനെതിരായ ആയുധമാക്കാന്‍ ശ്രമിക്കുകയാണ്. കോടതി വിധി നടപ്പാക്കുന്നത് തടയുന്നവരാണ് വിശ്വാസത്തെ ഹനിക്കുന്നത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഇപ്പോഴത്തെ പ്രതിഷേധം ഭരണഘടനാ വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് താല്‍ക്കാലിക നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇവര്‍ കരുതുന്നത്.സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്ന വിധി നടപ്പാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ സംഘര്‍ഷ വിഷയമാക്കാതെ സഹകരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണ്. വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന് പുറമെ നവോത്ഥാനപരമായ കടമ കേരള സമൂഹത്തിനുണ്ടെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.