കളിയവസാനിക്കാന്‍ ഒരു മിനുട്ട് ശേഷിക്കേ ഗോള്‍; കൊല്‍ക്കത്തയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

Posted on: October 4, 2018 9:40 pm | Last updated: October 5, 2018 at 10:05 am

കൊല്‍ക്കത്ത: ഐ എസ് എല്‍ അഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. മറുപടിയില്ലാത്ത ഒരു ഗോളിന് കൊല്‍ക്കത്തന്‍ ടീം എടികെയെയാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. കളിയവസാനിക്കാന്‍ ഒരു മിനുട്ട് ശേഷിക്കേ റൗളിന്‍ ബോര്‍ജസാണ് വിജയ ഗോള്‍ നേടിയത്.

സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന എടികെയുടെ സീസണിലെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ അവര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ സീസണിലെ ആദ്യ ജയമാണിത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-2ന് എഫ് സി ഗോവയുമായി സമനിലയിലായിരുന്നു.

എടികെക്കെതിരെ തുടരെ അഞ്ച് മത്സരങ്ങളില്‍ ജയമില്ലാതെ കളം വിട്ടതിന്റെ നാണക്കേട് മായ്ക്കാനും നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞു. 32ാം മിനുട്ടില്‍ സേന റാള്‍ട്ടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് കൊല്‍ക്കത്ത മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ കൊല്‍ക്കത്ത ഏറെ പ്രതിരോധത്തിലായി. 76 ശതമാനവും പന്തടക്കം നോര്‍ത്ത് ഈസ്റ്റിനായിരുന്നു. ആക്രമണത്തിലും അവര്‍ തന്നെ മികച്ചു നിന്നു.