Connect with us

Kerala

ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് 75 ലക്ഷം തട്ടിയ യുവതി പിടിയില്‍

Published

|

Last Updated

കുന്നംകുളം: ജ്വല്ലറിയും ഫിനാന്‍സ് സ്ഥാപനവും തുടങ്ങാനെന്ന് പറഞ്ഞ് 15 പേരില്‍ നിന്നായി 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് വെള്ളാംകൊള്ളി വീട്ടില്‍ പ്രിയ (30) ആണ് അറസ്റ്റിലായത്. കിരാലൂര്‍ സ്വദേശിയും സഊദിയില്‍ ജോലിക്കാരനുമായ അനില്‍ കുമാറുമായി പ്രിയ ഫേസ് ബുക്കിലൂടെയുണ്ടാക്കിയ ബന്ധമാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.

താന്‍ ചാരിറ്റി പ്രവര്‍ത്തകയാണെന്നും മൂന്ന് കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ടെന്നും അനില്‍ കുമാറിനെ ധരിപ്പിച്ചു. തുടര്‍ന്ന് ചൂണ്ടലില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞ് ഇയാളില്‍ നിന്ന് 21 ലക്ഷം രൂപ വാങ്ങി. ചൂണ്ടല്‍ സെന്ററില്‍ പ്രിയ ജ്വല്ലറി എന്ന സ്ഥാപനവും തുടങ്ങി. തുടര്‍ന്ന് ജ്വല്ലറിയില്‍ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് അനില്‍ കുമാറിന്റെ ബന്ധുക്കളായ പെരിങ്ങോട് സ്വദേശി സന്തോഷില്‍ നിന്ന് 18 ലക്ഷം, സന്തോഷിന്റെ ഭാര്യക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 75000, മറ്റൊരു ബന്ധുവില്‍ നിന്ന് ഏഴ് ലക്ഷം, പെരുമ്പിലാവ് സ്വദേശി സംഗീതില്‍ നിന്ന് അഞ്ച് ലക്ഷം, സെക്യൂരിറ്റി ജോലി നല്‍കാമെന്ന് പറഞ്ഞ് പെരുമ്പിലാവ് സ്വദേശി സുധാകരനില്‍ നിന്ന് 75000, ജ്വല്ലറിയോടൊപ്പം ധനകാര്യ സ്ഥാപനം തുടങ്ങാമെന്ന് പറഞ്ഞ് കൈപറമ്പ് സ്വദേശി ശ്യാമില്‍ നിന്ന് ഏഴ് ലക്ഷം, കൈപറമ്പ് സ്വദേശികളായ ജിഷ്ണു, പ്രനി, ഡാനിഷ് എന്നിവരില്‍ നിന്നായി അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരത്ത്കാരിയായ ഇവര്‍ക്കെതിരെ വെഞ്ഞാറമൂട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. അവിടെ നിന്നും മുങ്ങി മറ്റത്തിനടുത്ത് വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു. പോത്തന്‍കോട് മറ്റൊരു സ്ത്രീയുമായി ചേര്‍ന്ന് ലോട്ടറി തട്ടിപ്പ് നടത്തിയ കേസിലും ഇവര്‍ പ്രതിയാണ്. പണം നഷ്ടപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവതി ഇവരെ കുടുക്കിയത്. പലരും കുടുംബക്കാരുടെ സ്വര്‍ണം മുഴുവന്‍ പണയം വെച്ചാണ് ഇവര്‍ക്ക് പണം നല്‍കിയത്.

ഇതിനിടെ കടയിലെ ജോലിയുമായി ബന്ധപ്പെട്ട് നല്‍കിയ ചെക്ക് മടങ്ങിയതോടെ നല്‍കിയ പരാതിയിലാണ് യുവതി കുടുങ്ങിയത്. പ്രിയ ഇവിടെ നിന്ന് സാധനങ്ങളെടുത്ത് കുട്ടികളുമായി മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ കേച്ചേരിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. 15 ഓളം പരാതികള്‍ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. സി ഐ. കെ ജി സുരേഷ്, എസ് ഐ രാജീവ്, ബാബുരാജ്, ഗോപി, ജാന്‍സി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.