ഗൂഡല്ലൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Posted on: October 3, 2018 11:05 pm | Last updated: October 3, 2018 at 11:05 pm

ഗൂഡല്ലൂര്‍: ഊട്ടി- മൈസൂര്‍ ദേശീയ പാതയില്‍ കല്ലട്ടി ചുരത്തിലെ 35ാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയില്‍ നിന്ന് മുതുമല തൊപ്പക്കാടിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകട വിവരം പുറത്തറിയുന്നത് രണ്ട് ദിവസം കഴിഞ്ഞാണ്. രണ്ട് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ മുറിയെടുത്ത ഹോട്ടലിന്റെ മാനേജര്‍ ഊട്ടി പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് സൂപ്രണ്ട് ഷണ്‍മുഖ പ്രിയയുടെ ഉത്തരവിനെ തുടര്‍ന്ന് ഊട്ടി പോലീസ് വനമേഖലകളില്‍ നടത്തിയ പരിശോധനക്കിടെയാണ് കല്ലട്ടി ചുരത്തില്‍ കാര്‍ അപകടത്തില്‍പ്പെട്ടത് കണ്ടെത്തുകയായിരുന്നു.

പോലീസും വനം വകുപ്പും അഗ്നിശമന സേനയും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ച് ഊട്ടി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.