Kerala
ശബരിമല സ്ത്രീ പ്രവേശം: മലക്കംമറിഞ്ഞ് ആര്‍എസ്എസ്
നാഗ്പൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍നിലപാട് മാറ്റി ആര്‍എസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കണമെന്നും വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ലെന്നും ആര്‍.എസ്.എസ് സര്‍കാര്യവാഹക് സുരേഷ് ജോഷി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധി രാജ്യത്താകെ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം സുപ്രീം കോടതിയെയും ബഹുമാനിക്കണം. സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്.
സ്ത്രീകള്‍ അടക്കമുള്ള ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ശബരിമല ക്ഷേത്രം. കോടതി വിധി നടപ്പാക്കുമ്പോള്‍ ഈ വിശ്വാസികളുടെ വികാരം അവഗണിക്കാന്‍ പാടില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കു കൂട്ടുകയാണെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണം. അധികാരികള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ സമാധാനപരമായി ആവശ്യങ്ങളുന്നയിക്കണം.
സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് വിശ്വാസികള്‍ പരിശോധിക്കണമെന്നും സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.


