ഇറാനെതിരായ ഉപരോധം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്: യുഎസിനോട് അന്താരാഷ്ട്ര കോടതി

Posted on: October 3, 2018 4:09 pm | Last updated: October 3, 2018 at 4:09 pm

ഹേഗ്: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവിടത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സിവില്‍ വ്യോമയാന സുരക്ഷയേയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യുഎസിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. യുഎസ് ഉപരോധം 1955ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദ ഉറടമ്പടിയുടെ ലംഘനമാണെന്ന് ഇറാന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഉപരോധം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കിക്കില്ലെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ യുഎസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് കോടതി നീരീക്ഷിച്ചു. അബ്ദുല്‍ ഖവി യൂസുഫിന്റെ അധ്യക്ഷതയിലുള്ള 15 അംഗ ജഡ്ജിംഗ് പാനലാണ് വിധി പ്രസ്താവിച്ചത്.

ഇറാനെതിരായ ഉപരോധം ശക്തമാക്കാന്‍ യുഎസ് ഒരുങ്ങുന്നതിനിടെയാണല് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് ഉപരോധത്തെ ഏതെങ്കിലും നിലക്ക് ബാധിക്കുമോ എന്ന് പറയാനാകില്ല. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന അന്താരാഷ്ട്ര കോടതിയുടെ പല ഉത്തരവുകളും കാറ്റില്‍ പറക്കുകയാണ് പതിവ്. ഉത്തരവിടാറുണ്ടെങ്കിലും അത് ശക്തമായി അടിച്ചേല്‍പ്പിക്കാന്‍ അന്താരാഷ്ട്ര നിതിന്യായ കോടതിക്ക് അധികാരമില്ലെന്നതാണ് വാസ്തവം.