സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് ചോര്‍ച്ച; നടപടി വേണ്ടെന്ന് സി പി എം

Posted on: October 2, 2018 10:10 pm | Last updated: October 3, 2018 at 12:58 pm

തിരുവനന്തപുരം: തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് സി പി എം തീരുമാനം. റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും റിപ്പോര്‍ട്ട് ചോര്‍ത്തിയത് ഇവരാണെന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് നടപടി ഒഴിവാക്കിയത്.

പത്ത് മാധ്യമപ്രവര്‍ത്തകരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് ഇവരുമായി സംസാരിച്ച നേതാക്കളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. വാര്‍ത്ത ചോരുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് നല്‍കി കൂടുതല്‍ നടപടികള്‍ ഒഴിവാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

മുതിര്‍ന്ന നേതാവും സംസ്ഥാന സമിതിയംഗവുമായ എം എം ലോറന്‍സ്, രാജു എബ്രഹാം എം എല്‍ എ, കൊല്ലം ജില്ലാകമ്മറ്റിയംഗം ഡോ. പി കെ ഗോപന്‍, പത്തനംതിട്ട ജില്ലയിലെ തന്നെ ഒരു ഏരിയാസെക്രട്ടറി എന്നിവരോടാണ് നേരത്തെ വിശദീകരണം തേടിയിരുന്നത്. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ഇവരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.