Connect with us

International

ചര്‍ച്ചക്കെത്തിയ കവൈത്ത് പ്രതിനിധിയുടെ പഴ്‌സ് പാക്ക് ഉന്നത ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റി; നാണം കെട്ട് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിക്ഷേപ പദ്ധതി ചര്‍ച്ചക്കെത്തിയ കുവൈത്ത് പ്രതിനിധി സംഘാംഗത്തിന്റെ പഴ്‌സ് പാക്കിസ്ഥാന്റെ ഉന്നത ഉദ്യോഗസ്ഥന്‍ മോഷ്ടിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍തന്നെ പാക്കിസ്ഥാന് നാണക്കേടാകുന്നു. ഉദ്യോഗസ്ഥന്‍ പഴ്‌സ് മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പാക്ക് മാധ്യമമായ ഡോണ്‍ ആണ് വീഡിയോ ദ്യശ്യവും ഇത് സംബന്ധിച്ച വാര്‍ത്തയും പുറത്തുവിട്ടത്.

പാക് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്ക് ശേഷം കുവൈത്ത് പ്രതിനിധി സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ തന്റെ പഴ്‌സ് മേശപ്പുറത്ത് മറന്നുവെച്ച് പുറത്തുപോവുകയായിരുന്നു. ആരുമില്ലാത്ത സമയത്ത് ചര്‍ച്ചാ ഹാളിലെത്തിയ മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ ഈ പഴ്‌സ് എടുത്ത് തന്റെ കോട്ടിന്റെ പോക്കറ്റിലിടുന്നതാണ് ആറ് സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോ ദ്യശ്യത്തിലുള്ളത്. കാണാതായ മോഷണം പഴ്‌സിനായി മന്ത്രാലയത്തിലെ എല്ലാ മുറികളിലും അധിക്യതര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്താകുന്നത്.

ആദ്യം മോഷണം നിഷേധിച്ച ഉദ്യോഗസ്ഥന്‍ പിന്നീട് പഴ്‌സ് തിരിച്ചു നല്‍കിയെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ കുവൈത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവം പാക്കിസ്ഥാന് വലിയ നാണക്കേടായിരിക്കുകയാണ്.

---- facebook comment plugin here -----