Connect with us

Kerala

കേരളത്തിന്റെ ആദ്യ ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി കൊച്ചി കായലിലേക്ക്

Published

|

Last Updated

കൊച്ചി: ത്രീ സ്റ്റാര്‍ സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തിന്റെ ആദ്യ ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി ഈ മാസംമുതല്‍ സഞ്ചാരികളുമായി കൊച്ചിക്കായലില്‍ സര്‍വ്വീസ് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം അവസാനത്തോടെ ആദ്യ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കീഴിലാണ് കപ്പല്‍ സര്‍വ്വീസ് നടത്തുക.

ടൂറിസം മേഖലക്ക് പുത്തന്‍ ഉണര്‍വ്വേകുന്ന നെഫര്‍റ്റിറ്റിക്ക് പുറമേ കോഴിക്കോട് കടപ്പുറം കേന്ദ്രീകരിച്ച് സൗരോര്‍ജ കപ്പലും ഉള്‍നാടന്‍ ജലഗതാഗാത വകുപ്പ് ഉടന്‍ എത്തിക്കും. നാലുകോടി ചെലവില്‍ ശ്രീലങ്കയിലാണ് സൗരോര്‍ജ കപ്പല്‍ നിര്‍മ്മിക്കുന്നതെന്ന് സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. കപ്പല്‍ 2019 ഓഗസ്റ്റ് മാസത്തില്‍ സജ്ജമാകും. കൂടാതെ 160 പേര്‍ക്ക് സഞ്ചരിക്കാവുന്ന “ആന്‍ട്രോമെഡ” എന്ന കപ്പലും സ്വന്തമാക്കാനാണ് തീരുമാനമെന്ന് അദേഹം അറിയിച്ചു. ആന്‍ട്രോമെഡയ്ക്ക് 60 കോടിയാണ് വില വരുന്നത്.

ഈജിപ്ഷ്യന്‍ മാതൃകയിലാണ് നെഫര്‍റ്റിറ്റി ഒരുക്കിയിരിക്കുന്നത്. ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, കുട്ടികള്‍ക്കുള്ള കളിമുറി, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍ ലോഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള നെഫര്‍റ്റിറ്റിയ്ക്ക് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഒന്നര വര്‍ഷമെടുത്താണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുന്‍ ഉള്‍നാടന്‍ ജഫലഗതാഗത വകുപ്പ് ചെയര്‍മാനും ഇപ്പോള്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസാണ് കപ്പലിന്റെ നിര്‍മ്മാണത്തിന് പിന്നിലെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കുമാത്രമല്ല, മീറ്റിങ്ങുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കും ആതിഥ്യമരുളാന്‍ നെഫര്‍റ്റിറ്റിക്ക് കഴിയും. കപ്പലിന് ക്രൂസ് മാനെജരെ നിയമിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരു ജോലി കേരളത്തില്‍ ആദ്യത്തേതുമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

കടലില്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ ഉള്ളില്‍ പോകാന്‍ കഴിയുന്ന കപ്പലിന് മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും.

Latest