Connect with us

International

യു എസിനെ തൊട്ടാല്‍ തിരിച്ചടി ഭീകരമെന്ന് ഇറാന് മുന്നറിയിപ്പ്; മറുപടിയുമായി റൂഹാനി

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കയെയോ അതിന്റെ സഖ്യ രാജ്യങ്ങളെയോ ഉപദ്രവിക്കാന്‍ ഇറാന്‍ മുന്നോട്ടുവന്നാല്‍ തിരിച്ചടി ഭീകരമായിരിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇറാനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം യു എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

താന്‍ പറയുന്നത് ഇറാന്‍ കാര്യമായെടുക്കുമെന്നാണ് കരുതുന്നത്. ഇറാന്‍ അമേരിക്കയെയോ അതിന്റെ സഖ്യ രാജ്യങ്ങളെയോ അതിലെ പൗരന്മാരെയോ ഉപദ്രവിക്കുകയാണെങ്കില്‍, വഞ്ചനയും കളവും തുടരുകയാണെങ്കില്‍, തീര്‍ച്ചയായും മറുപടി അതിഭീകരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയ ഇറാന്‍ ആണവ കരാറിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നയതന്ത്ര കരാറെന്നായിരുന്നു ബോള്‍ട്ടന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ കരാര്‍ ഇറാനെ ആണവായുധ വികസനത്തില്‍ നിന്നോ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തില്‍ നിന്നോ പിന്തിരിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം യു എന്‍ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഇറാനും അമേരിക്കയും കൊമ്പു കോര്‍ത്തിരുന്നു. ഭീകരതയെ നയിക്കുന്ന രാഷ്ട്രമെന്ന് ഇറാനെ അമേരിക്ക വിശേഷിപ്പിച്ചപ്പോള്‍, ഇറാന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗുഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അമേരിക്കയെന്ന് ഹസ്സന്‍ റൂഹാനിയും തിരിച്ചടിച്ചു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയ സാഹചര്യത്തെ നേരിടാന്‍ യൂറോപ്യന്‍ യൂനിയന്‍ കഴിഞ്ഞ ദിവസം ബദല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുമായി ആലോചിച്ച ശേഷമാണ് യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക്ക മൊഗേരിനി ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇറാനുമായുള്ള ആണവ കരാറില്‍ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളെല്ലാം ഉറച്ചുനില്‍ക്കുകയാണ്. തങ്ങള്‍ക്ക് നഷ്ടമുണ്ടാകാത്ത വിധത്തില്‍ ആണവ കരാറുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest