Connect with us

Gulf

യുഎഇയിലെ അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് ലൈസന്‍സ്; ആശങ്കയൊഴിയാതെ അധ്യാപകര്‍

Published

|

Last Updated

അജ്മാന്‍: യു എ ഇയില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷയുടെ മുന്നോടിയായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്നലെ സമാപിച്ചു. നിലവില്‍ ജോലിചെയ്യുന്നവര്‍ക്ക് പുറമെ ഭാവിയില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും.

വിദ്യാഭ്യാസ മേഖലയുടെ ഗുണനലവാരം ഉയര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്നത്. ലോകത്തെ മികച്ച അധ്യാപകരെ നിലനിര്‍ത്തി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ടീച്ചേഴ്‌സ് ലൈസന്‍സ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ടീച്ചേഴ്‌സ് ലൈസന്‍സ് നിലവിലുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മുതലാണ് യു എ ഇയില്‍ തുടക്കം കുറിച്ചത്. 2021 ഓടെ പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

അധ്യാപകര്‍ക്ക് പുറമെ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ മറ്റു സ്‌കൂളുകളിലെ നേതൃത്വങ്ങള്‍ക്കെല്ലാം ടീച്ചേഴ്‌സ് ലൈസന്‍സ് നിര്‍ബന്ധമാണ്. അതേസമയം പദ്ധതിയെ വളരെ ആശങ്കയോടെയാണ് നിരവധി അധ്യാപകര്‍ കാണുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ് അയോഗ്യരാക്കുന്നതോടെ തൊഴില്‍ നഷ്ടപ്പെടുമോയെന്നാണ് പലരുടെയും ആശങ്ക. രണ്ടാഴ്ച മുമ്പാണ് വടക്കന്‍ എമിറേറ്റുകളിലെ പല സ്‌കുളുകളും തങ്ങളുടെ അധ്യാപകരോട് ടീച്ചേഴ്‌സ് ലൈസന്‍സിന് രജിസ്റ്റര്‍ ചെയ്യാന്‍ ആവിശ്യപ്പെട്ടത്. എങ്ങിനെ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് അറിയാത്തതിനാല്‍ രജിസ്‌ട്രേഷന് സാധിച്ചില്ലെന്ന് അജ്മാനിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപിക പറഞ്ഞു.

tls.moe.gov.ae എന്ന വെബ്‌സൈറ്റ്‌വഴി രജിസ്‌ട്രേഷന് ശ്രമിച്ച നിരവധിപേര്‍ക്ക് സര്‍വറിലെ സാങ്കേതിക തകരാര്‍ മൂലം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പത്ത് മുതല്‍ 20 തവണ ശ്രമിച്ചും അര്‍ധരാത്രി കംപ്യൂട്ടറിന് മുന്നിലിരുന്നുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്യുന്ന അധ്യാപകന്‍ പ്രതികരിച്ചു.
അറബി, ഗണിതം, ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരീക്ഷയുണ്ടാവുക എന്നാണറിയുന്നത്. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരും രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതുണ്ട്.

ഇപ്രകാരം രജിസ്ട്രഷന്‍ ചെയ്തവര്‍ക്കുള്ള ആദ്യഘട്ട പരീക്ഷ ഈ മാസം 29ന് നടക്കും. പഠിപ്പിക്കുന്ന വിഷയത്തില്‍ അധ്യാപകര്‍ക്കുള്ള അറിവ് വിലയിരുത്താനാണ് ആദ്യ പരീക്ഷ. രജിസ്ട്രഷനും പരീക്ഷയും അടുത്തതിനാല്‍ ഈ വിഷയങ്ങളില്‍ തയ്യാറെടുപ്പ് നടത്താന്‍ അധ്യാപകര്‍ക്ക് സാധിച്ചിട്ടില്ല. പരീക്ഷാ വിഷയ സംബന്ധമായി വായിക്കാനുള്ള പുസ്തകങ്ങള്‍ ലഭിക്കാത്തതും മാതൃകാ ചോദ്യപേപ്പറുകളോ മറ്റോ ഇല്ലാത്തതിനാലും എങ്ങിനെ പരീക്ഷ എഴുതുമെന്നും പലര്‍ക്കും അറിയില്ല.മതിയായ തയ്യാറെടുപ്പ് നടത്താതെ പരീക്ഷ എഴുതി പരാജയപ്പെട്ടാല്‍ കുട്ടികള്‍ക്ക് മുമ്പിലും സ്‌കൂള്‍ അധികൃതര്‍ക്ക് മുമ്പിലും തങ്ങള്‍ കഴിവില്ലാത്തവരായി മുദ്രകുത്തപ്പെടുമോ എന്ന ആശങ്കയും നിരവധി അധ്യാപകര്‍ പങ്കുവെച്ചു.

Latest