Connect with us

Kerala

മുല്ലപ്പള്ളി: കടത്തനാടന്‍ കരുത്തുമായി അമരത്തേക്ക്

Published

|

Last Updated

കോഴിക്കോട്: നിലപാടുകളിലെ കാര്‍ക്കശ്യവും എതിരാളികള്‍ പോലും അംഗീകരിക്കുന്ന രാഷ്ട്രീയപാരമ്പര്യവുമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സിയുടെ അമരത്തേക്ക് എത്തിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ പിതാവ് മുല്ലപ്പള്ളി ഗോപാലനില്‍ നിന്ന് കിട്ടിയ മൂല്യങ്ങളുമായാണ് ഈ കടത്തനാട്ടുകാരന്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കിടയിലും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

1946 ഏപ്രില്‍ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയില്‍ മുല്ലപ്പള്ളി ഗോപാലന്റെയും പാറു അമ്മയുടെയും മകനായി ജനിച്ച മുല്ലപ്പള്ളി, കെ എസ് യുവിലൂടെയാണ് തുടക്കം. കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 1968ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു. ഇ കെ നായനാര്‍ സര്‍ക്കാറിന്റെ ഭരണത്തിനെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ 58 ദിവസം നീണ്ടുനിന്ന പദയാത്ര ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. 1984ല്‍ കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ മുല്ലപ്പള്ളിയെ ഇന്ദിരാഗാന്ധി നേരിട്ട് കെ പി സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 1988ല്‍ എ ഐ സി സി ജോയന്റ് സെക്രട്ടറിയായി. പിന്നീട് കെ പി സി സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഒടുവില്‍ എ ഐ സിസിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ ഐ സി സി അധ്യക്ഷനായി നിയമിച്ചതിന്റെ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളിയായിരുന്നു.

സി പി എമ്മിന് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1984, 1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ട് തവണയും വിജയിച്ചു. 2009ലാണ് അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. 2014ല്‍ വടകരയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പി വി നരസിംഹ റാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ഉഷ രാമചന്ദ്രനാണ് ഭാര്യ. ഏക മകള്‍ പാര്‍വതി.

Latest