സുന്നി ഐക്യത്തിനായി സാദാത്തുക്കള്‍ യത്‌നിക്കണം: കാന്തപുരം

Posted on: September 20, 2018 9:07 am | Last updated: September 20, 2018 at 11:26 am

കുന്ദമംഗലം: സുന്നി ഐക്യം സാധ്യമാക്കാന്‍ നേതൃതലത്തി ല്‍ തീവ്ര ശ്രമങ്ങള്‍ നടക്കവെ സാദാത്തുക്കള്‍ അതിനായി യത്‌നിക്കണമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുഹര്‍റം ഒമ്പതിന് മര്‍കസില്‍ സംഘടിപ്പിച്ച സാദാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സാദാത്തുക്ക ള്‍ക്ക് സജീവ പങ്കാളിത്തം വഹിക്കാന്‍ കഴിയുന്ന വിഷയമാണ് സുന്നികള്‍ തമ്മിലുള്ള ഐക്യം. ഓരോ പ്രദേശത്തും മതപരമായും സാമൂഹികമായും നേതൃത്വം നല്‍കുന്നവരാണ് സയ്യിദന്മാര്‍. മുഹമ്മദ് നബി(സ) യുടെ കുടുംബം എന്ന നിലയില്‍ ഏറെ ആദരവോടെ വിശ്വാസികള്‍ അവരെ കാണുന്നു. അതിനാല്‍ പ്രാദേശികമായ ഐക്യവും മനപ്പൊരുത്തവും ഊട്ടിയുറപ്പിക്കാന്‍ സാദാത്തുക്കള്‍ ശ്രദ്ധിക്കണം.

കേരളത്തിലെ ഇസ്‌ലാമിക വളര്‍ച്ചക്ക് പ്രധാന നിമിത്തമായത് സയ്യിദന്മാര്‍ നടത്തിയ സമാധാനപരവും എല്ലാവരിലും മതിപ്പ് വളര്‍ത്തുന്നതുമായ പ്രവര്‍ത്ത നങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അത്താണിയായിരുന്നു തങ്ങന്മാര്‍ എന്ന് വിളിക്കപ്പെട്ട പ്രവാചക പരമ്പരകള്‍. മുസ്‌ലിംസമുദായം അവരെ ആദരിക്കുന്നത് അഹ്‌ലുബൈത്തിനെ പരിഗണിക്കാനും ശ്രേഷ്ഠതയോടെ കാണാനും ഇസ്‌ലാം പഠിപ്പിക്കുന്നത് കൊണ്ടാണ്. മര്‍കസ് പോലുള്ള കേരളത്തിലെ മുഴുവന്‍ സുന്നി സ്ഥാപങ്ങളുടെയും വിജയകരമായ വളര്‍ച്ചക്ക് നിമിത്തം സയ്യിദന്മാരുടെ നിറഞ്ഞ പിന്തുണയാണ്- കാന്തപുരം പറഞ്ഞു.
പ്രളയത്തില്‍ നശിച്ച വീടുകള്‍ നവീകരിക്കാനുള്ള പദ്ധതിയില്‍ ഇരുപത്തിയഞ്ച് വീടുകള്‍ ഏറ്റെടുത്ത് സയ്യിദന്മാര്‍ പങ്കുചേര്‍ന്നു. കേരളത്തില്‍ അധിവസിക്കുന്ന പ്രവാചക കുടുംബത്തിലെ വ്യത്യസ്ത ഖബീലകളില്‍ നിന്നുള്ള ആയിരത്തോളം സയ്യിദന്മാര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച സമ്മേളനം വൈകുന്നേരം മുഹര്‍റം നോമ്പ് തുറയോടെ സമാപിച്ചു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് കെ എസ് കെ തങ്ങള്‍ കൊല്ലം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് അബ്ദു ല്‍ ഖാദിര്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കൊളശ്ശേരി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ചാവക്കാട്, സയ്യിദ് കെ കെ എസ് തങ്ങള്‍ കൊളപ്പുറം, സയ്യിദ് അലി ബാഖവി ആറ്റുപുറം, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് പ്രസംഗിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ സ്വാഗതവും ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ നന്ദിയും പറഞ്ഞു.