Connect with us

International

ഒരു മാസത്തിനുള്ളില്‍ ഫലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടണം: അമേരിക്ക

Published

|

Last Updated

ന്യൂയോര്‍ക്ക്: വാഷിംഗ്ടണ്‍ ഡി സിയില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ(പി എല്‍ ഒ) നയതന്ത്ര ഓഫീസ് ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നേരത്തെ ട്രംപ് ഭരണകൂടം പി എല്‍ ഒയെ അറിയിച്ചിരുന്നു. ഇസ്‌റാഈലുമായി അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ഫലസ്തീന്‍ സര്‍ക്കാര്‍ വിസമ്മതമറിയിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ നടപടി. എന്നാല്‍ ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള അവകാശങ്ങള്‍ ചോദിക്കുന്നതിന് ഈ പ്രതികാര നടപടി തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും ജറൂസലം തലസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

ഇസ്‌റാഈലുമായി ചര്‍ച്ചക്ക് സന്നദ്ധമാകാത്ത ഫലസ്തീനുമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന് യു എസ് ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഫലസ്തീന്റെ പരാതിയില്‍ അമേരിക്കക്കെതിരെയോ ഇസ്‌റാഈലിനെതിരെയോ രാജ്യാന്തര കോടതി(ഐ സി സി)അന്വേഷണം നടത്തിയാല്‍ ഉപരോധമുള്‍പ്പെടെയുള്ളവ നേരിടേണ്ടിവരുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. യുദ്ധക്കുറ്റത്തിന്റെ പേരില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഔദ്യോഗികമായി ഐ സി സി അന്വേഷണം ആരംഭിച്ചാല്‍ അമേരിക്ക തിരിച്ചടിക്കുമെന്നും അത്തരം നടപടികള്‍, ഐ സി സിയുടെ ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് വരുത്തുമെന്നും അവരുടെ അമേരിക്കയിലെ സാമ്പത്തിക മേഖലകളിലെല്ലാം ഉപരോധം കൊണ്ടുവരുമെന്നും ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest