Connect with us

Kerala

ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ തുക കൈമാറി

Published

|

Last Updated

നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങിയെത്തിയ ഹാജിമാര്‍ പ്രളയ ദുരന്തത്തില്‍പ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ രംഗത്തെത്തി. 2,88,115 രൂപയാണ് ആദ്യ ദിനം നെടുമ്പാശ്ശേരിയിലെത്തിയ ഹാജിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ഹാജിമാര്‍ 40 ദിവസത്തോളം മക്കയിലും മദീനയിലുമായി കഴിയുന്ന അവസരത്തില്‍ ഭക്ഷണത്തിനും മറ്റുമായി നല്‍കിയിരുന്ന തുകയില്‍ നിന്ന് മിച്ചം വെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണം കണ്ടെത്തിയത്.
ഹാജിമാരെ സഹായിക്കുന്നതിനായി യാത്ര തിരിച്ചിരുന്ന 58 വളണ്ടിയര്‍മാര്‍ക്ക് നിത്യ ചെലവിനായി നല്‍കിയിരുന്ന തുകയില്‍ നിന്ന് സമാഹരിച്ച 5,800 റിയാലും ഇതില്‍ ഉള്‍പ്പെടും. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനായി സ്വരൂപിച്ച തുക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ ഏല്‍പ്പിച്ചു.

പ്രളയ ദുരന്തത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഹജ്ജ് വേളയില്‍ തങ്ങളെ വളരെയധികം വേദനിപ്പിച്ചതായി മടങ്ങിയെത്തിയവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ, കൂടുതല്‍ സമയവും കേരളത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു തങ്ങളെന്നും അവര്‍ പറഞ്ഞു.

Latest