എസ്എസ്എഫ് സാഹിത്യോത്സവിന് ധര്‍മപുരിയില്‍ വേദികളുണര്‍ന്നു

Posted on: September 8, 2018 4:02 pm | Last updated: September 9, 2018 at 11:21 am
SHARE
എസ്എസ്എഫ് സാഹിത്യോത്സവില്‍ മൂന്നാം വേദിയില്‍ നടന്ന മാലപ്പാട്ട് മത്സരത്തില്‍ നിന്ന്‌

ധര്‍മപുരി(ചെമ്മാട്): രജത ജൂബിലി നിറവില്‍ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ചെമ്മാട് ധര്‍മ്മപുരിയില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. പാടിയും പറഞ്ഞും വരച്ചും വായിച്ചുമെല്ലാം കൗമാരം ധാര്‍മ്മിക കലയുടെ മൂന്നാം പെരുന്നാള്‍ ആഘോഷിക്കുകയാണ്. സമരവും സാഹിത്യവും ഇഴ ചേരുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ ഇന്നും നാളെയും സര്‍ഗപ്രതിഭകള്‍ കലയുടെ മാരിവില്ല് തീര്‍ക്കും. നീലഗിരി ഉള്‍പ്പെടെ 15 ജില്ലകള്‍ തമ്മിലാണ് ധാര്‍മ്മിക കലാ കിരീടത്തിനായി ആവേശപ്പോരാട്ടം നടത്തുന്നത്.

അഞ്ച് മത്സരങ്ങളുടെ ഫലമാണ് ഇതിനകം പ്രഖ്യാപിച്ചത്. ജൂനിയര്‍ ഖിറാഅത്തില്‍ ബാസിത് പി (മലപ്പുറം ഈസ്റ്റ്), സീനിയര്‍ അറബി പ്രസംഗത്തില്‍ ആസിഫ് (കോഴിക്കോട്), ഹയര്‍സെക്കന്‍ഡറി അറബി ഗാനത്തില്‍ ഫര്‍ഹാന്‍ (പാലക്കാട്), ജനറല്‍ ചുമരെഴുത്ത് സൈഫുദ്ദീന്‍ കെ (മല പ്പുറം, ഈസ്റ്റ്), ക്യാമ്പസ് മാപ്പിളപ്പാട്ടില്‍ ജൈസല്‍(കോഴിക്കോട്), ഹൈസ്‌കൂള്‍ മാപ്പിളപ്പാട്ടില്‍ അശ്കര്‍ ഇ എസ് (തൃശൂര്‍) വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം നേടി.

ശനിയാഴ്ച വൈകുന്നേരം നാലിന് മന്ത്രി കെ ടി ജലീല്‍ സാഹിത്യോത്സവ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവ് പി സുരേന്ദ്രന് ചടങ്ങില്‍ യു എ ഖാദര്‍ അവാര്‍ഡ് സമ്മാനിക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സംഗമം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷഷത വഹിക്കും.