Connect with us

Articles

ഈ കൊള്ള അവസാനിപ്പിക്കാന്‍ ആര്‍ക്ക് കഴിയും?

Published

|

Last Updated

ഗള്‍ഫ് മലയാളികളോട് വിമാനക്കമ്പനികള്‍ കാണിക്കുന്ന ഈ ക്രൂരതക്ക് എന്നെങ്കിലും ഒരു പരിഹാരമുണ്ടാകുമോ? വര്‍ഷങ്ങളായി ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ഭരണപ്രതിപക്ഷ ഭേദമന്യെ ഏതാണ്ടെല്ലാ നേതാക്കളെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിച്ചു പല തവണ പരാതിപ്പെട്ടിട്ടും ആര്‍ക്കും ഇത് വരെ ഇവ്വിഷയകമായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞിട്ടില്ല. അവധിക്കാലം വന്നതോടെ കഴുത്തറുക്കുന്ന ചാര്‍ജ് വസൂലാക്കി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രവാസികളെ പിഴിഞ്ഞു കൊണ്ടിരിക്കുകയാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളും.
ഗള്‍ഫില്‍ ജോലിയെടുക്കുന്ന പ്രവാസികളെ സംബന്ധിച്ചു ഒരു തെറ്റായ ധാരണയാണ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളും വെച്ചുപുലര്‍ത്തുന്നത്. പണം കായ്ക്കുന്ന മരത്തിന് ചുവട്ടില്‍ പോയി ഇഷ്ടാനുസരണം പണം പെറുക്കി പോരുകയാണ് അവരെന്ന് ധരിച്ചു വശായവരെപ്പൊലെയാണ് മിക്കവരുടെയും സമീപനം. ഗള്‍ഫില്‍ ജോലിയെടുക്കുന്ന കേരളീയരില്‍ വലിയൊരു ശതമാനം പേരും പ്രതിമാസം ഇന്ത്യയുടെ 25,000 രൂപയില്‍ താഴെ മാത്രം ശമ്പളം പറ്റുന്നവരാണ്. മണലാരണ്യത്തിലെ കൊടും ചൂടിലും മരം കോച്ചുന്ന തണുപ്പിലും ചോര നീരാക്കി അദ്ധ്വാനിക്കുന്ന പാവപ്പെട്ട ഈ ഗള്‍ഫുകാരന് അതില്‍ നിന്ന് റൂമിന്റെ വാടക, ഭക്ഷണം, ടെലഫോണ്‍ തുടങ്ങിയുള്ള അത്യന്താപേക്ഷിതമായ ചെലവുകള്‍ കഴിയേണ്ടതുണ്ട്. ഇത് കഴിച്ചാല്‍ മിക്കവര്‍ക്കും ഇന്ത്യയുടെ പതിനായിരം രൂപയോളം മാത്രമേ മിച്ചമുണ്ടാവുകയുള്ളൂ. നമ്മുടെ നാട്ടില്‍ നാടന്‍ ജോലിയെടുക്കുന്നവര്‍ പോലും ഇതിലും മെച്ചപ്പെട്ട കൂലി പറ്റുന്നവരാണ്. ഈ സംഖ്യ കൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ കുടുംബം പുലര്‍ത്താന്‍ എത്ര പേര്‍ക്കാണ് കഴിയുക? ഈ പാവങ്ങളെയാണ് വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ കുടുംബത്തോടൊപ്പം പെരുന്നാളോ ഓണമോ ആഘോഷിക്കാമെന്ന് ആഗ്രഹിക്കുന്നവരില്‍ പലരും ചുരുങ്ങിയത് ആറ് മാസത്തെ ശമ്പളമെങ്കിലും ഇതിനായി നീക്കിവെക്കണം.

സാധാരണ സമയങ്ങളില്‍ യു എ ഇ യില്‍ നിന്ന് കേരളത്തിലേക്കുളള വിമാന ചാര്‍ജ് ഏഴായിരം അല്ലെങ്കില്‍ എട്ടായിരം രൂപയേ വരികയുള്ളൂ. എന്നാല്‍, ഇപ്പോള്‍ അവര്‍ ഈടാക്കുന്നത് മുപ്പതിനായിരത്തിന് മുകളിലാണ്. ഖത്വറില്‍ നിന്ന് സാധാരണ സമയങ്ങളില്‍ കേരളത്തിലേക്ക് പത്തായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള സംഖ്യ വാങ്ങുമ്പോള്‍ ഈ സമയത്ത് അമ്പതിനായിരവും അറുപതിനായിരവും മറ്റുമാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. മൂന്നര നാല് മണിക്കൂര്‍ വരുന്ന യാത്രാ ദൈര്‍ഘ്യമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ളത്. അതേ സമയം ഗള്‍ഫില്‍ നിന്ന് ലണ്ടനിലേക്ക് എഴ് മണിക്കൂറിലധികം വരുന്ന വിമാന യാത്രാ ദൈര്‍ഘ്യമുണ്ട്. ഈ റൂട്ടില്‍ ഇക്കോണമി ക്ലാസില്‍ മുപ്പത്തി അയ്യായിരവും നാല്‍പതിനായിരവും മാത്രമേ വിമാനക്കമ്പനികള്‍ ഈടാക്കുന്നുള്ളൂ. ഇതര രാജ്യങ്ങളിലേക്കെല്ലാം താരതമ്യേന മിതമായ യാത്രാക്കൂലിയാണ് എല്ലാ കാലത്തേക്കുമുള്ളത്.
വിമാനക്കമ്പനികളുടെ ഈ ചൂഷണത്തിന് ബലിയാടാകുന്നത് കൂടുതലും കേരളീയരായ പ്രവാസികളാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാറിനും വടക്കെ ഇന്ത്യന്‍ ലോബികള്‍ക്കും വലിയ താത്പര്യം ഉണ്ടാവുകയില്ല. മാത്രമല്ല, തിരിച്ചുള്ള സമീപനം ഉണ്ടാകുകയും ചെയ്യും.
ഗള്‍ഫ് മലയാളികളുടെ ഈ സങ്കടത്തിന് പരിഹാരമുണ്ടാക്കുന്നതിനായി പ്രമുഖ ഗള്‍ഫ് വ്യവസായി എം എ യൂസുഫലി മുന്‍കൈയെടുത്ത് എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് ശ്രമം നടത്തിയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ പല തരത്തിലുളള സാങ്കേതികങ്ങളില്‍ കുടുങ്ങി ആ സംരംഭം മുട്ടയില്‍ തന്നെ ചാവുകയായിരുന്നു.

അതുപോലെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചപ്പോഴും വിമാനക്കമ്പനിക്കാരുടെ ഭീഷണിമൂലമാണത്രെ അതും ഉപേക്ഷിക്കേണ്ടി വന്നു.
ഇത് സംബന്ധമായ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിരാശരായിക്കഴിയുകയാണ് ഇന്ന് ഗള്‍ഫ് മലയാളികള്‍. അവരുടെ വിയര്‍പ്പിന്റെ ഗന്ധമില്ലാത്ത ഒരു പദ്ധതിയും സംരംഭവും ഇന്ന് കേരളത്തിലില്ല. ഇപ്പോള്‍ തന്നെ പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തെ സഹായിക്കാന്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗള്‍ഫ് മലയാളികള്‍ തന്നെ. പ്രളയ ദുരന്തത്തിലകപ്പെട്ട സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാന്‍ ഈ കഴുത്തറുക്കുന്ന വിമാനചാര്‍ജ് കൊടുത്താണ് പലരും നാട്ടിലെത്തിയത്.

അനിയന്ത്രിതമായ ഈ കൊള്ളലാഭത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഗള്‍ഫ് മലയാളികള്‍ സംഘടിച്ചേ പറ്റൂ. സീസണ്‍ കാലത്തും അല്ലാത്തപ്പോഴും മിതമായ ഒരേ ചാര്‍ജ് മാത്രം ഈടാക്കുന്ന ഒരു സംവിധാനമാണ് ഉണ്ടാകേണ്ടത്. അതിനായുള്ള ഒരു നിയമ നിര്‍മാണത്തിന് നമ്മുടെ സര്‍ക്കാറുകള്‍ രംഗത്ത് വരേണ്ടതുണ്ട്. ഉത്സവകാലത്ത് ചില റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ ചെയ്യുന്നത് പോലെ അധിക ചാര്‍ജ് ഈടാക്കാന്‍ റെയില്‍വേ വകുപ്പും തീരുമാനമെടുത്തതായി കേള്‍ക്കുന്നു. എന്നാല്‍ ചാര്‍ജ് വര്‍ധനവിന് നിരന്തരം മുറവിളി കൂട്ടുന്ന ബസ്സുകാര്‍ക്കും ഇതനുവദിച്ചു കൊടുക്കുന്നതാവും നല്ലത്. !

Latest