Connect with us

Editorial

ദുരിതാശ്വാസ വിതരണം സുതാര്യമാകണം

Published

|

Last Updated

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാറും സന്നദ്ധ സംഘടനകളും നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ പോലും ഇത് പ്രശംസിക്കപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ സംഭാവന നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനിടെയാണ് ചിലയിടങ്ങളില്‍ നിന്നെങ്കിലും ദുരിതാശ്വാസത്തില്‍ തട്ടിപ്പിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും വാര്‍ത്തകള്‍ പുറത്തു വരുന്നത്.

കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ കൊച്ചിയിലെ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥ സസ്‌പെന്‍ഷനിലായി. പ്രളയ ബാധിതര്‍ക്കുള്ള വസ്തുക്കള്‍ രഹസ്യമായി ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് കടത്തുകയായിരുന്നുവത്രേ. മൂവാറ്റുപുഴയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കെന്ന പേരില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നു കൊണ്ടുവന്ന അഞ്ച് ടണ്‍ അരി സി പി എം നഗരസഭാ കൗണ്‍സിലര്‍മാര്‍ അനര്‍ഹരായ പാര്‍ട്ടി കുടുംബങ്ങള്‍ക്ക് വീതം വെച്ചുവെന്ന പരാതിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അന്വേഷണം നടത്തി വരികയാണ്. ദുരിതാശ്വാസത്തിനായി തായ്‌നേരി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന എട്ട് ക്വിന്റല്‍ അരിയില്‍ നാല് ക്വിന്റല്‍ ലീഗ് ഓഫീസില്‍ കണ്ടെത്തിയ സംഭവവും അന്വേഷണത്തിലാണ്. പതിനായിരം രൂപയില്‍ താഴെ മാത്രം നഷ്ടം സംഭവിച്ച മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട്ടെ ഒരു വീടിന് വേണ്ടി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിനു ശിപാര്‍ശ നല്‍കിയത് വിവാദത്തിലാണ്. ക്യാമ്പുകളിലെ ഭക്ഷ്യവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളക്കം പലരും പിടിയിലായിട്ടുണ്ട്. പ്രളയക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പതിനായിരങ്ങള്‍ ആശ്വാസ ധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും തട്ടിപ്പുകളും വെട്ടിപ്പുകളും. ദുരന്തകാലമായതിനാല്‍ അപേക്ഷകള്‍ വലിയ പരിശോധനകളില്ലാതെ അംഗീകരിക്കുമെന്ന വിശ്വാസമാണത്രെ ഉദ്യോഗസ്ഥരെ ഇത്തരം അരുതായ്മകള്‍ക്കു പ്രേരിപ്പിക്കുന്നത്.

ഇത്തരം ക്രമക്കേടുകളും തട്ടിപ്പുകളും തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പോലെ പ്രളയക്കെടുതിക്കിരയായവര്‍ക്കു നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ആവശ്യമുണ്ട്. പ്രളയത്തിന്റെ വ്യാപ്തി, പ്രളയ ബാധിതരുടെ ഭൂമിയുടെ അളവ്, പ്രളയത്തിന് മുമ്പുള്ള ഭൂമിയുടെ ഉപയോഗ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കണം തുക കണക്കാക്കേണ്ടത്. അര്‍ഹര്‍ക്ക് മാത്രമേ ഇത് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ മുന്‍ഗണനാ ക്രമത്തില്‍ തരംതിരിക്കുകയും നഷ്ടത്തിന് അനുസരിച്ച് മാത്രം നഷ്ടപരിഹാരം നല്‍കുകയും വേണം. സുതാര്യവും ജനങ്ങള്‍ക്കു വിശ്വസനീയവുമായിരിക്കണം ഇതു സംബന്ധിച്ച എല്ലാ നടപടികളും. ശരിയായ നഷ്ടം കണക്കാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വന്നാല്‍ അത് വ്യാപക അഴിമതിക്ക് ഇടയാക്കും. ദുരിത ബാധിതര്‍ അപേക്ഷയുമായി ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ കോടതി നിര്‍ദേശിക്കുകയുണ്ടായി.

പ്രളയത്തിന്റെ തീഷ്ണതയും അത് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറും ജനങ്ങളും കാണിച്ച മിടുക്കും കാര്യക്ഷമതയുമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് റെക്കോര്‍ഡ് പണമൊഴുകാന്‍ ഇടയാക്കിയത്. അതില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈയിട്ടു വാരാന്‍ അവസരമൊരുക്കരുത്. ചില പ്രദേശങ്ങളില്‍ അനര്‍ഹരായ നിരവധിപേര്‍ പട്ടികയില്‍ കടന്നുകൂടിയതായും അര്‍ഹര്‍ പട്ടികയില്‍ നിന്നൊഴിവായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വീടുകളില്‍ വെള്ളം കെട്ടിനിന്ന കുടുംബങ്ങള്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹതാ മാനദണ്ഡമായി റവന്യൂ വകുപ്പ് കണക്കാക്കുന്നത്. എന്നാല്‍, പലയിടത്തും ഇതിനപ്പുറം കക്ഷിരാഷ്ട്രീയമാണ് മാനദണ്ഡമെന്ന് പറയപ്പെടുന്നു. സഹായ വിതരണത്തിന്റെ കണക്ക് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങരുത്.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ ചില കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സന്നദ്ധ സംഘടനകളില്‍ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് പലരും പ്രതിസന്ധി തരണം ചെയ്തതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതും. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന സ്ഥിതി ഇത്തരം അടിയന്തര ഘട്ടങ്ങളിലും തുടരാന്‍ ഇടയാക്കുന്നത് ഗുരുതരമായ കൃത്യവിലോപമായി കണ്ട് നടപടി സ്വീകരിക്കണം. ധനസഹായം പ്രഖ്യാപിച്ചതു കൊണ്ടായില്ല, യഥാ സമയം അത് ലഭ്യമാക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Latest