Connect with us

Kerala

പ്രളയം: നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ മുന്‍ഗണനാ ക്രമവും നാശനഷ്ടത്തിന്റെ തോതും കണക്കിലെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അര്‍ഹതയുള്ളവര്‍ ആരെന്ന് തീരുമാനിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.ദുരിതാശ്വാസമായി നല്‍കുന്ന തുകക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ മുന്‍ഗണനാ ക്രമത്തില്‍ തരംതിരിക്കണം. ഇക്കാര്യത്തില്‍ വേണമെങ്കില്‍ സാറ്റലൈറ്റ് ചിത്രങ്ങളും ഉപയോഗപ്പെടുത്താം. നഷ്ടത്തിന് അനുസരിച്ച് മാത്രമേ നഷ്ടപരിഹാരം നല്‍കാവൂ. നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണം. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡം എന്തെന്ന് ഈ മാസം 19ന് മുമ്പായി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest