Connect with us

International

ദുരിതാശ്വാസത്തിന് ദുബൈ ഇസ്‌ലാമിക് ബേങ്കിന്റെ വക 50 ലക്ഷം ദിര്‍ഹം

Published

|

Last Updated

ദുബൈ:കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ ഇസ്‌ലാമിക് ബേങ്ക് 50 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി. ഈ തുകക്കുള്ള അവശ്യ വസ്തുക്കള്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂം ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് വഴി കേരളത്തിലെത്തിക്കും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂമിന്റെ നാമധേയത്തിലുള്ള, ദുബൈയിലെ ഔദ്യോഗിക ജീവ കാരുണ്യ സംഘടനയാണ് എം ബി ആര്‍ സി എച്. ദുരിത മേഖലയില്‍ ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ പണം ഉപയോഗിക്കുമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹീം ബുമില്‍ഹ വ്യക്തമാക്കി. ആഗോള തലത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ദുബൈ ഭരണകൂടത്തോട് ബേങ്കിന് പ്രതിജ്ഞാബദ്ധതയുണ്ടെന്ന് ദുബൈ ഇസ്‌ലാമിക് ബേങ്ക് ബോര്‍ഡ് അംഗം അബ്ദുല്ല അല്‍ ഹാമിലി ചൂണ്ടിക്കാട്ടി. മാനവികതയുടെ ഭാവി കെട്ടിപ്പടുക്കാന്‍ ഒരു ധന വിനിമയ സ്ഥാപനമെന്ന നിലയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് പത്ത് കോടി ഇന്ത്യന്‍ രൂപയുടെ അവശ്യ വസ്തുക്കളാണ് എം ബി ആര്‍ സി എച് വഴി കേരളത്തിലെത്തുക.

യു എ ഇ യുടെ റെഡ് ക്രസന്റ് കോടിക്കണക്കിന് രൂപയുടെ അവശ്യ സാധനങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ വഴിയാണ് ധന സഹായം എത്തുക. സ്വദേശികളും വിദേശികളും വന്‍തുക ഖലീഫ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നാമധേയത്തിലാണ് ഖലീഫ ഫൗണ്ടേഷന്‍.