കേരളത്തിന് 35 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ഖത്വര്‍

അടിയന്തര സഹായമായി അഞ്ച് ലക്ഷം ഖത്വര്‍ റിയാലിന്റെ (95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്വര്‍ ചാരിറ്റി വഴി നടപ്പാക്കും.
Posted on: August 19, 2018 10:34 am | Last updated: August 20, 2018 at 9:56 am

ദോഹ: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് ഖത്വറിന്റെ കൈത്താങ്ങ്. അന്‍പത് ലക്ഷം ഡോളറിന്റെ (35 കോടി രൂപ) ധനസഹായം നല്‍കുമെന്ന് ഖത്വര്‍ അമീര്‍ ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചു.

അടിയന്തര സഹായമായി അഞ്ച് ലക്ഷം ഖത്വര്‍ റിയാലിന്റെ (95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്വര്‍ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് മുഖനേയാണ് പ്രവര്‍ത്തനങ്ങള്‍.

പ്രളയത്തില്‍ വീടുകളടക്കം നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്വര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിയും ഖത്തര്‍ ചാരിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ഏഴരക്കോടി സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ കേരള ഫ്‌ളഡ് റിലീഫ് എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ ഉറപ്പാക്കും.