സംസ്ഥാനത്ത് മഴ കുറഞ്ഞു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

Posted on: August 19, 2018 9:18 am | Last updated: August 19, 2018 at 12:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം, ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല എന്നത് ആശ്വാസകരമാണ്.

പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 357 പേരാണ് മരിച്ചത്. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ഇന്നലെ 39 പേരാണ് മരിച്ചത്. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ എട്ട് പേരും പത്തനംതിട്ടയില്‍ മൂന്ന് പേരുമാണ് മരിച്ചത്.