അമിത്ഷാക്കും മകനുമെതിരെ പുതിയ ആഴിമതി ആരോപണം

Posted on: August 12, 2018 8:59 am | Last updated: August 12, 2018 at 5:13 pm
SHARE

ന്യൂഡല്‍ഹി : ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും മകന്‍ ജയ്ഷാക്കുമെതിരെ പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വന്‍ തുക വായ്പ ലഭിക്കാന്‍ ലാഭം കൂട്ടിക്കാണിച്ചതായി റിപ്പോര്‍ട്ട്. കാരവന്‍ മാസികയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍ എല്‍ പി എന്ന കമ്പനിയാണ് ലാഭം പെരുപ്പിച്ച് കാണിച്ചത്.

2016 ല്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബേങ്കുകളിലൊന്നായ കാലുപുര്‍ കൊമേഴ്‌സ്യല്‍ കോപ്പറേറ്റീവ് ബേങ്കില്‍ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ പണയം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കുസും ഫിന്‍ സെര്‍വ് കമ്പനിക്ക് വേണ്ടി 25 കോടി വായ്പയെടുത്തിരുന്നു. ഇതേ വര്‍ഷം അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബേങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ എടുത്തത്. പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്തിയുള്ള കമ്പനിക്ക് എങ്ങിനെ ഇത്ര വലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഈ കമ്പനികളിലെല്ലാം അമിത് ഷാക്കുള്ള പങ്കാളിത്തം മറച്ചു വെച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നല്‍കിയത്. നിരവ് മോദി, മെഹുല്‍ ചോക്‌സി, അടക്കമുള്ളവര്‍ പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ തട്ടിച്ചതും ഇതുപോലെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചാണ്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സാമ്പത്തിക തിരിമറികളിലെല്ലാം അമിത് ഷാക്ക് കൂടി പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.