മുള്‍മുനയില്‍ പെരിയാര്‍ തീരം; പതിനായിരത്തോളം പേര്‍ വീടൊഴിഞ്ഞു

  Posted on: August 10, 2018 11:48 pm | Last updated: August 10, 2018 at 11:48 pm

  കൊച്ചി: ഇടമലയാര്‍, ഇടുക്കി, ഭൂതത്താന്‍കെട്ട് ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിത്തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനത്തു. ഇന്നലെ രാത്രിയോടെ കൂടുതല്‍ വെള്ളം പെരിയാറിലൂടെ ഒഴുകിയെത്തിയത് ജനങ്ങളില്‍ കനത്ത ഭയാശങ്കക്കാണിടയാക്കിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ മിക്ക താഴ്ന്ന പ്രദേശങ്ങളും ഇതിനകം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി, കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തി. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറുകണക്കിന് വീടുകള്‍ ഇതിനകം വെള്ളത്തിലായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
  ഇന്നലെ രാവിലെ ഏഴ് മണിക്ക് ഇടുക്കിയിലെ രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും തുറന്നത്. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും പിന്നീട് തുറന്നു. ഇടുക്കി ഡാമില്‍ നിന്ന് എത്തുന്ന വെള്ളം പത്ത് മിനുട്ട് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് മണിക്കൂറില്‍ ആലുവയിലും എത്തുന്നുണ്ട്. രാവിലെ 11.30ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തിയത്. നാലാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെ സെക്കന്‍ഡില്‍ അറുനൂറ് ഘനയടി വെള്ളമായി ഇത് മാറി. അഞ്ചാമത്തെ ഷട്ടര്‍ തുറന്നതോടെ രാത്രിയോടെ പെരിയാറിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് പിന്നെയും കൂടി.

  വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ 68 ക്യാമ്പുകള്‍ കൂടി തുടങ്ങി. 2795 കുടുംബങ്ങളിലെ 9476 പേര്‍ പറവൂര്‍, ആലുവ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലുണ്ട്. പറവൂരിലാണ് കൂടുതല്‍ ക്യാമ്പുകള്‍. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്. നിലവില്‍ പെരിയാറിന്റെ നൂറ് മീറ്റര്‍ പരിധിയിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ഇതിലേറെ ദൂരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ സ്വമേധയാ ഒഴിഞ്ഞുപോയിട്ടുണ്ട്.

  അതേസമയം, വെള്ളപ്പൊക്ക മേഖലകളിലും പരിസരത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പെരിയാറിലെ ചെളിയുടെ അംശം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് നദിയില്‍ നിന്നുള്ള പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവെച്ചു. ആലുവ പമ്പ് ഹൗസില്‍ നിന്ന് പ്രതിദിനം 290 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായാണ് കുറച്ചത്.

  അടിയന്തര സാഹചര്യം കണക്കിലെടുത്ത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ വിതരണം ഊര്‍ജിതപ്പെടുത്താന്‍ യോഗം നിര്‍ദേശം നല്‍കി. ഇന്ന് കര്‍ക്കിടക വാവുബലി ആയതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കാനും ചടങ്ങുകള്‍ക്ക് പൊലീസ് നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.