അടക്കാക്കുണ്ടിലും ഓടക്കയത്തും ഉരുള്‍പൊട്ടല്‍; മലയോരത്ത് തോരാതെ ദുരിതപ്പെരുമഴ

Posted on: August 9, 2018 12:43 am | Last updated: August 9, 2018 at 12:43 am
SHARE

കാളികാവ്: ശക്തമായ മഴയില്‍ മലയോരം ദുരിതത്തിലായി. കാളികാവ് അടക്കാക്കുണ്ട് മാഞ്ചോല 18 ല്‍ ഉരുള്‍പൊട്ടി. മേഖലയിലെ പുഴകള്‍ കര കവിഞ്ഞൊഴുകി. സംസ്ഥാന പാതയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പുല്ലങ്കോട് സ്രാമ്പിക്കല്ലിലും മമ്പാട്ടു മൂലയിലും വീടുകളില്‍ വെള്ളം കയറി. അടക്കാക്കുണ്ട് മാഞ്ചോല 18 ലെ തട്ടാപറമ്പില്‍ ഗിരീഷ്, സഹോദരി ഗിരിജ, പനന്താനം തോംസണ്‍ എന്നിവരുടെ ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അക്കാക്കുണ്ട് പുഴ ഗതി മാറി ഒഴുകിയതോടെ അടക്കാക്കുണ്ട് പട്ടാണി തരിശ് ആദിവാസി കോളനിയിലെ ചെറിയ മാതിയുടെ വീട് തെങ്ങ് വീണു തകര്‍ന്നു.

കോളനിയുടെ സംരക്ഷണത്തിനായി നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു. അടക്കാക്കുണ്ട് ചങ്ങണം കുന്നിലെ തങ്കമണിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കാളികാവ് ജംഗ്ഷന്‍, സ്രാമ്പിക്കല്ല് അങ്ങാടി, പന്നിക്കോട്ടുമുണ്ട തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ചാഴിയോട്, മുത്തന്‍തണ്ട്, പന്നിക്കോട്ടുമുണ്ട നടപ്പാലങ്ങള്‍ വെള്ളത്തിനടിയിലായി. പള്ളിശ്ശേരി തോട് കര കവിഞ്ഞൊഴുകി. പള്ളിശ്ശേരി സ്വലാത്ത് നഗര്‍ റോഡ് തകര്‍ന്നു. ഏതെങ്കിലും വിധത്തിലുള്ള അടിയന്തര സഹായങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് വേണ്ടി കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ കാളികാവ് പോലീസ് സ്റ്റേഷന്‍: 0493125722, കാളികാവ് ട്രോമാകെയര്‍ 7510506100. കാളികാവ് ക്ലബ്ബ് കോ-ഓര്‍ഡിനേഷന്‍: 9846586731.

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓടക്കയം ആദിവാസി മേഖലക്ക് സമീപത്ത് ഉരുള്‍പൊട്ടി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഉരുള്‍പൊട്ടിയത്. വന ഭൂമിക്ക് താഴെയായി താമസിക്കുന്ന ആദിവാസികളായ ഗൗരികുട്ടന്‍, പ്രസാദ് ഇവരുടെ വീട്ടിനകത്തേക്ക് വെള്ളം ഒഴുകിയെത്തി. ശക്തമായ ഉരുള്‍പ്പൊട്ടല്‍ വെള്ളം തോട്ടിലൂടെ ഗതി മാറി ഒഴുകിയതിനാല്‍ വന്‍ അപകടം ഒഴിവായതായി പരിസരവാസികള്‍ പറഞ്ഞു. ഓടക്കയത്ത് ഉരുള്‍പ്പൊട്ടിയത് കാരണം ചാലിയാറില്‍ ക്രമാതീതമായി ജല നിരപ്പ് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് തെരട്ടമ്മല്‍, ഈസ്റ്റ് വടക്കുംമുറി, കീഴുപറമ്പ്, കുനിയില്‍ ഭാഗങ്ങളിലെ വയലുകളില്‍ വെള്ളപ്പൊക്കമുണ്ടായി.
നിലമ്പൂര്‍: മഴ കനത്തതോടെ വിവിധ സ്ഥലങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂര്‍ ജ്യോതിപ്പടി, ജനതപ്പടി, വെളിയംതോട്, മമ്പാട്, കുണ്ടുതോട്, നിലമ്പൂര്‍ -കരുളായി റോഡിലെ മുതീരി ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ പോലും ബുദ്ധിമുട്ടി. താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലമ്പൂര്‍ ടൗണില്‍ കാനറാ ബേങ്ക് പരിസരം മുതല്‍ കെ എ പി റോഡ് വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലൂടെ നടക്കുന്നവര്‍ക്കും സമീപത്തെ കടകളിലും വെള്ളം പ്രശ്‌നമാകുകയാണ്. റോഡിലെ ഗര്‍ത്തങ്ങളില്‍ വെള്ളം കയറി മൂടിയതിനാല്‍ ബൈക്കുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കും.

വണ്ടൂര്‍: മഴയില്‍ വണ്ടൂര്‍ കൂരാടില്‍ പുഴയും തോടുകളും കര കവിഞ്ഞൊഴുകി വന്‍ നാശ നഷ്ടം. വരമ്പന്‍കല്ല് പാലത്തിന് സമീപത്തെ കോഴി വളര്‍ത്തു കേന്ദ്രത്തിലെ പതിനയ്യായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഒലിച്ചു പോയി. സമീപത്തെ വീടുകളിലും പള്ളിയിലും വെള്ളം കയറി. വരമ്പന്‍കല്ല് പാലത്തിന് സമീപം ഇറച്ചി കോഴികളെ വളര്‍ത്തുന്ന അഞ്ച് ഫാമുകളിലാണ് വെള്ളം കയറി നാശ നഷ്ടമുണ്ടായത്. ഇന്നലെ രാവിലെയാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നിമിഷങ്ങള്‍ക്കകം ഫാമുകളില്‍ വെള്ളം നിറയുകയും കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുകയുമായിരുന്നു. 50 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കോഴി തീറ്റയും വെള്ളത്തിലായി. ചുങ്കത്തറ ഏറിയാട്ടുകുഴിയില്‍ ബഷീറിന്റെ സ്ഥലത്ത് പൂക്കോട്ടുംപാടം തേള്‍പ്പാറ സ്വദേശി നൂണംപാറ സുദേവന്‍ പാട്ടത്തിനെടുത്ത് നിര്‍മിച്ച ഫാമുകളില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വരമ്പന്‍ കല്ല് പാലത്തിന് സമീപത്തുള്ള ബദ്‌രിയ്യ ജുമുഅ മസ്ജിദിലേക്ക് വെള്ളം ഒഴുകിയെത്തി താഴെ നില പൂര്‍ണ്ണമായും വെള്ളത്തിലായി.
സമീപത്തെ മാവുങ്ങല്‍ ശംസു, മാവുങ്ങല്‍ ജമീല, മഞ്ചേരിത്തൊടിക ഉമ്മര്‍ എന്നിവരുടെ വീടുകളും വെള്ളത്തിന് നടുവിലായി.

LEAVE A REPLY

Please enter your comment!
Please enter your name here