Connect with us

Kerala

കപ്പലിടിച്ച് തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു; കാണാതായ ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Published

|

Last Updated

കൊച്ചി: കപ്പലിടിച്ചതിനെത്തുടര്‍ന്ന് തകര്‍ന്ന് പോയ ഓഷ്യാനിക് എന്ന പേരിലുള്ള മത്സ്യബന്ധന ബോട്ടിന്റെ ഭാഗങ്ങള്‍ നാവികസേന കണ്ടെടുത്തു. ഇന്നലെ പുറം കടലില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തിരുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലാണ് കരക്കെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാട്ടികക്കും ചേറ്റുവക്കും പടിഞ്ഞാറ് 24 നോട്ടിക്കല്‍ മൈല്‍ അകലെ അപകടമുണ്ടായത്.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എംവി ദേശശക്തിയെന്ന കപ്പലാണ് അപകട സമയത്ത് ഈ ഭാഗത്തുകൂടി പോയതെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ബോട്ടിലിടിച്ചിട്ടില്ലെന്നാണ കപ്പല്‍ ക്യാപ്റ്റന്റെ വാദം. ചെന്നൈയില്‍നിന്നും ഇറാനിലേക്ക് പോവുകയായിരുന്ന കപ്പല്‍ മംഗളുരു പുറം കടലില്‍ നങ്കൂരമിട്ടതായാണ് വിവരം. അതേ സമയം അപകടത്തെത്തുടര്‍ന്ന് കാണാതായ ബോട്ടിലെ മത്സ്യബന്ധന തൊഴിലാളികളായ പറവൂര്‍ മാല്യങ്കര സ്വദേശിയും ബോട്ടിന്റെ സ്രാങ്കുമായ സിജു (45), കുളച്ചല്‍ സ്വദേശികളായ ജേസുപാലന്‍ (44), ആരോഗ്യ ദിനേശ് (23), രാജേഷ്‌കുമാര്‍ (32) (മൂന്നുപേരും സഹോദരങ്ങള്‍), സഹായരാജ് ശേശയ്യ (38), പോള്‍സണ്‍ (25), ഷാലു (24), അരുണ്‍കുമാര്‍ (24), ബംഗാള്‍ സ്വദേശി ബീപുല്‍ (28) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Latest