Connect with us

Ongoing News

സ്റ്റാലിന് സാധിക്കുമോ കലൈഞ്ജറാകാന്‍?

Published

|

Last Updated

ചെന്നൈ: അര നൂറ്റാണ്ട് നീണ്ട പതിവാണ് അവസാനിക്കുന്നത്. ഡി എം കെ എന്ന പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച കരുണാനിധി വിടവാങ്ങുന്ന വിഷമ ഘട്ടം പാര്‍ട്ടി എങ്ങനെ തരണം ചെയ്യുമെന്നതാണ് നിര്‍ണായക ചോദ്യം. പിതാവിന്റെ വലിയ ഷൂ കാലിലണിഞ്ഞ് ഇടറാതെ നടക്കാന്‍ സ്റ്റാലിനാകുമോ? ദയാലു അമ്മാളിലുള്ള തന്റെ രണ്ടാമത്തെ മകന്‍ സ്റ്റാലിനോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു കലൈഞ്ജര്‍ക്ക്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിന്റെ ഉച്ചിയിലേക്ക് മകനെ കൈപ്പിടിച്ചുയര്‍ത്തിയത്.

താഴേക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് കയറിയ സ്റ്റാലിന്‍ സ്വന്തം നിലയില്‍ കയറി വന്ന നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ടാണ് പാര്‍ട്ടിക്കകത്ത് സ്വന്തം ജ്യേഷ്ഠനില്‍ നിന്നു തന്നെയുള്ള വെല്ലുവിളി അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. 2011 മുതല്‍ അധികാരത്തിന് പുറത്തുള്ള പാര്‍ട്ടിയെ തിരിച്ച് അധികാരത്തിലെത്തിക്കാന്‍ സ്റ്റാലിന്‍ നന്നായി വിയര്‍ക്കേണ്ടി വരും. പുറത്താക്കപ്പെട്ട അഴഗിരി പങ്കു ചോദിച്ച് വന്നേക്കാം. മധുരൈ നേതാവായി ചുരുങ്ങിയ അഴഗിരി പക്ഷേ, ഭീഷണിയാകാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിമത എ ഐ എ ഡി എം കെ നേതാവ് ടി ടി വി ദിനകരന്‍ വെല്ലുവിളിയായേക്കും. രജനീ കാന്തിന്റെയും കമല്‍ഹാസന്റെയും പുതിയ പാര്‍ട്ടികളോട് ജനങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നും അറിയാനിരിക്കുന്നേയുള്ളൂ. തമിഴ് രാഷ്ട്രീയം പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കടക്കുകയും ഡി എം കെയും എ ഐ ഡി എം കെയുമല്ലാത്ത രാഷ്ട്രീയ ഉദയം ഉണ്ടാകുകയും ചെയ്താല്‍ സ്റ്റാലിന്‍ പാടുപെടും. സഖ്യങ്ങള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനുമുള്ള വൈദഗ്ധ്യം കരുണാനിധിയില്‍ നിന്ന് സ്വായത്തമാക്കിയ സ്റ്റാലിന്‍ ആ അനുഭവ സമ്പത്ത് പുതിയ കാലത്ത് എങ്ങനെ ഉപയോഗിക്കുമെന്നതും ചോദ്യമാണ്.

സ്റ്റാലിനെ പാര്‍ട്ടി മേധാവിയായി അണികള്‍ നേരത്തേ അംഗീകരിച്ചതായിരിക്കാം. പക്ഷേ, കലൈഞ്ജറില്ലാത്ത കാലത്ത് അവരുടെ പ്രതീക്ഷകള്‍ക്ക് കാവലിരിക്കാന്‍ ഈ 65കാരന് സാധിക്കുമോ എന്നാണ് ചോദ്യം. സാധിച്ചാല്‍ അധികാര ശൂന്യത നികത്തപ്പെടും. അല്ലെങ്കില്‍ കപ്പിത്താനില്ലാത്ത കപ്പലായി ഡി എം കെ അലയും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൂമ്പു ചീയും.

Latest