പൗരത്വ രജിസ്റ്റര്‍: തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നവര്‍

കൈയൂക്കിന്റെ രാഷ്ട്രീയം കൈയാളുന്ന ഒരു വിഭാഗം എന്തും ചെയ്യാന്‍ തയ്യാറായി അസാമില്‍ ഉണ്ട്. നെല്ലി കൂട്ടക്കൊലയുടെ ഓര്‍മകള്‍ ഇപ്പോഴും അവര്‍ക്കുണ്ട്. സംസ്ഥാനം ഭരിക്കുന്നത് ബി ജെ പി സര്‍ക്കാറാണ്. ഗുജറാത്ത് മാതൃകയില്‍ വംശഹത്യക്ക് പോലും അവര്‍ മടിക്കില്ലെന്ന ഭയമുണ്ട്. അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ ആ ബാധ്യതയും സര്‍ക്കാറിനില്ല. ഒരു ആഭ്യന്തര കലാപത്തിലേക്ക് രാജ്യത്തെ നയിക്കുക വഴി സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ടു തലചൊറിയലാണ് എന്ന് ഇവര്‍ മനസ്സിലാക്കുമോ?
Posted on: August 7, 2018 9:17 am | Last updated: August 6, 2018 at 8:23 pm

അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി എഴുതിയ വരികള്‍ ഇന്നും എന്നും പ്രസക്തമാകുന്നു. ‘എവിടെവിടങ്ങളില്‍ ചട്ടി കലങ്ങള്‍ പുറത്തെ റിയപ്പെടുന്നുണ്ടോ അവിടവിടങ്ങളെ ചേര്‍ത്ത് വരക്കുന്നതാണ് എന്റെ രാജ്യത്തിന്റെ ഭൂപടം’ എന്നാണു കവി അന്ന് പറഞ്ഞത്. ഇപ്പോഴിതാ ലോകത്തിന്റെ പല ഭാഗത്തും നിസ്സഹായരായ മനുഷ്യര്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ വിദേശികളാക്കപ്പെടുന്നു. പുറത്തെറിയപ്പെടുന്നു. ആ ദരിദ്രര്‍ക്ക് ഏതു രാജ്യം? എന്ത് ദേശീയത? അവരെ പുറത്തെറിയുന്നവര്‍ പറയുന്നതും ദേശീയതയാണ്. മ്യാന്‍മാറില്‍ നിന്നും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൂട്ടത്തോടെ പുറത്താക്കപ്പെടുന്നു. അതിനെ പ്രതിരോധിക്കുന്നവര്‍ കൊല ചെയ്യപ്പെടുന്നു; ഒരു വംശഹത്യയുടെ ആവേശത്തില്‍. അവരെ വിദേശികളായിക്കാണുന്നതു സ്വാതന്ത്രത്തിനു വേണ്ടി ദീര്‍ഘകാലം സൈനിക ഭരണത്തോട് പോരാടി സമാധാനത്തിനു നൊബേല്‍ സമ്മാനം നേടിയ വനിതയാണ്.

മ്യാന്‍മാറിന് സമാനമായ ഒരു സാഹചര്യം അസാമില്‍ മുമ്പേ തന്നെ നിലവിലുണ്ട്. 1970കളുടെ ആദ്യത്തില്‍ നടന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് കടന്നു. അതില്‍ നല്ലൊരു ഭാഗം അസാമിലേക്കാണ് വന്നത്. മറ്റൊരു ഭാഗം ബംഗാളിലേക്കും എത്തി. ബംഗാളിലേക്ക് വന്നവര്‍ക്കു ഒരു മെച്ചമുണ്ടായിരുന്നു, അവര്‍ സംസാരിക്കുന്ന ഭാഷ ബംഗാളികളുടെ ഭാഷ തന്നെയാണല്ലോ. എന്നാല്‍ അസാമില്‍ എത്തിയവര്‍ തീര്‍ത്തും വിദേശികള്‍ ആയി തന്നെ പരിഗണിക്കപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്കകം ഇവര്‍ക്കെതിരായ പ്രാദേശിക വികാരം ഉയര്‍ന്നു വന്നു.

1983ല്‍ നടന്ന നെല്ലി കൂട്ടക്കൊലയില്‍ നഷ്ടപ്പെട്ടത് 3000ല്‍പരം മുസ്‌ലിംകളുടെ ജീവനാണ്. അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ അന്നത്തെ വോട്ടര്‍ പട്ടികയില്‍ ധാരാളമായുണ്ട് എന്ന പ്രശ്‌നം ഉന്നയിച്ചുകൊണ്ട് അഖില ആസാം വിദ്യാര്‍ഥി യൂനിയന്‍ (ആസു) ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു അത്. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കലാപകാരികളുമായി നടത്തിയ ചര്‍ച്ചയിലൂടെ 1985ല്‍ ഒരു ഒത്തുതീര്‍പ്പുകരാര്‍ ഉണ്ടാക്കി. പക്ഷേ അവിടെ നിലനിന്ന വംശീയ വര്‍ഗീയ വിദ്വേഷത്തിന്റെ തീ അണഞ്ഞില്ല. ആ വൈരം ബോഡോ ആദിവാസികളും ബംഗാളി മുസ്‌ലിംകളും തമ്മിലുള്ള രൂക്ഷമായ സംഘട്ടനത്തിലെത്തിയത് 2012ലാണ്. അതിന്റെ ഫലമായി നാല്‍പ്പത്തിനായിരത്തിലധികം പേര്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്തെറിയപ്പെട്ടു. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞു അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഈ വിദ്വേഷത്തിന്റെ രാഷ്ട്രീയം ആളിക്കത്തുന്നു, അഥവാ കത്തിക്കുന്നു. ഈ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട് എന്നത് ശരി. എന്നാല്‍ ഇതില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരും ഉണ്ട്. അതിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൗരന്മാരുടെ ദേശിയ രജിസ്റ്റര്‍ അഥവാ എന്‍ ആര്‍ സി.

അസാമിലെ യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. കുടിയേറ്റക്കാരെ പുറത്താക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷക്കും വളര്‍ച്ചക്കും അനിവാര്യമാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അതിന്റെ പേരില്‍ അല്‍പ്പം അക്രമങ്ങളോ അതിക്രമങ്ങളോ നടന്നാലും ആരും അതിനെ ഗൗരവമായി എടുക്കില്ല. പക്ഷേ ഇത് നടക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോഴാണ് അതിന്റെ തലം ഭയാനകമാകുന്നത്. അതിനു മേല്‍പറഞ്ഞ ചരിത്രം നമ്മുടെ പാഠമാകണം.

ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി മുസ്‌ലിം കുടിയേറ്റം അസാമികളുടെ അവകാശങ്ങള്‍ കുറക്കുന്നു എന്ന വാദം ഉയര്‍ത്തുക വളരെ എളുപ്പമാണ്, കാരണം അസാമികള്‍ അധികവും ദരിദ്രരാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്കൊല്ലാം കാരണക്കാരായ ഒരു വിഭാഗത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഷം അവര്‍ക്കെതിരാക്കുക എന്നത് എളുപ്പമാണല്ലോ. അവിടെ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ ഒരു ഭരണകൂടമാണുള്ളതെന്നതിനാലാണ് ജനങ്ങള്‍ക്ക് നീതി കിട്ടാത്തതെന്ന സത്യം ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കാനും ഇത് സഹായകമാകുന്നു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയലക്ഷ്യം അതില്‍ ഏറ്റവും പ്രധാനമാണ്.

പൗരത്വം സംബന്ധിച്ച് ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കിയിട്ടുള്ള ഏക സംസ്ഥാനം അസാമാണ്. 1951 ലാണ് അതുണ്ടാക്കിയത്. അന്ന് എണ്‍പത്തി ഒമ്പത് ലക്ഷം ആയിരുന്നു അസാമിലെ ജനസംഖ്യ. ആസാം കരാര്‍ പ്രകാരം ആ രജിസ്റ്റര്‍ പുതക്കണമായിരുന്നു. അത് പല രാഷ്ട്രീയ കാരണങ്ങളാലും അസ്ഥിരത മൂലവും അക്രമങ്ങള്‍ ഭയന്നും നീട്ടിവെക്കപ്പെട്ടു. ആ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ അവരുടെ വ്യക്തമായ രാഷ്ട്രീയമുണ്ട്. അസമിലെ വിഭജനം സൃഷ്ടിക്കുന്ന വര്‍ഗീയ തിരമാലകള്‍ ഇന്ത്യയാകെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് അവരുടെ പ്രതീക്ഷ. ഇത് തന്നെയാണ് കശ്മീരില്‍ നിന്നും ബി ജെ പി പ്രതീക്ഷിക്കുന്നത്. സുരക്ഷക്ക് വിദേശികളെ, അതും മുസ്‌ലിംകളെ പുറത്താക്കുക എന്ന മുദ്രാവാക്യം വഴി രാജ്യമാകെ ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായുള്ള ഭരണം ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള വെറുപ്പ് മറികടക്കാന്‍ ഇത്തരം എളുപ്പവഴികള്‍ തേടുകയാണവര്‍. അതുകൊണ്ടാണ് ഈ വിഷയം അമിത്ഷാ തന്നെ കൈകാര്യം ചെയ്യുന്നത്. പാര്‍ലിമെന്റിലും ഇത് ഏറെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാകും എന്നവര്‍ക്കറിയാം.

എന്താണ് ഈ ദേശീയ പൗരത്വ രജിസ്റ്റര്‍? 1971 മാര്‍ച്ച് ഇരുപത്തിനാല് എന്ന തീയതിക്ക് ശേഷം ബംഗ്ലാദേശില്‍ നിന്നും അസാമില്‍ എത്തിയവരെയെല്ലാം വിദേശികള്‍ ആയി കണക്കാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇത് പറയുന്നത്ര ലളിതമായ ഒന്നല്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യരാകും ഇതിന്റെ ഇരകളാകുക എന്ന് തീര്‍ച്ച. ഇതിലെ സങ്കീര്‍ണതകള്‍ ചൂണ്ടിക്കാട്ടി പലരും കോടതിയെ സമീപിച്ചു. ഇതിന്റെ തയ്യാറാക്കല്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ട്. ആദ്യ കരടുപട്ടിക കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് പ്രസിദ്ധീകരിച്ചു. അസാമിലെ ജനസംഖ്യ 3.3 കോടിയാണ്. ആദ്യപട്ടികയില്‍ കേവലം 1.9 കോടി മാത്രം. അതായത് 1.4 കോടി മനുഷ്യര്‍ വിദേശികള്‍ ആകുന്നു. ഈ പട്ടികയില്‍ വിട്ടുപോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കി പുതിയ പട്ടിക തയ്യാറാക്കി. അതാണ് ഇക്കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയത്. ഇത് വരുന്നതിനു മുമ്പ് തന്നെ ഒട്ടനവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. നല്ലൊരു വിഭാഗം പട്ടികയില്‍ നിന്നും പുറത്താക്കപ്പെടും എന്നുറപ്പായിരുന്നു. പരമാവധി ഇരുപത് ലക്ഷമായിരിക്കും അങ്ങനെ ഭീതിയിലാകുക എന്നായിരുന്നു പ്രചാരണം. പക്ഷേ പട്ടിക പുറത്തു വന്നപ്പോള്‍ പുറത്താകുന്നവര്‍ 40 ലക്ഷമായി. ഇത് 12 ശതമാനം കുടുംബങ്ങള്‍ വരും.

ഈ പട്ടിക പരിശോധിക്കുമ്പോള്‍ വിചിത്രമായ കാര്യങ്ങളാണ് കാണുന്നത്. ഭരണകക്ഷിയുടെ ഒരു എം എല്‍ എ ആയ രമാകാന്ത് പാട്ടല്‍ വിദേശി ആണ്. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ പൗത്രന്മാര്‍ പട്ടികയില്‍ ഇല്ല. ഏഴ് തലമുറയായി അസാമില്‍ ജീവിക്കുന്ന ഒരു പ്രൊഫസര്‍ പുറത്തായി. അവരുടെ മാതാപിതാക്കള്‍ സ്വദേശികള്‍ ആണ് താനും. സ്വദേശി ആണെന്നതിന് പഞ്ചായത്തുകള്‍ നല്‍കിയ രേഖകള്‍ സ്വീകാര്യമല്ല. റേഷന്‍ കാര്‍ഡും പര്യാപ്തമല്ല. ഈ ദുരവസ്ഥക്കുള്ള ഒരു പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണെന്ന് പറയാം. പണവും സ്വാധീനവുമുള്ളവര്‍ ഒരു പ്രശ്‌നവുമില്ലാതെ പട്ടികയില്‍ വരും. ഇതും കരടു പട്ടികയാണെന്നും ഇനിയും രേഖകള്‍ നല്‍കിയാല്‍ പേര് ചേര്‍ക്കാമെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. അവിടെയാണ് ദുര്‍ബലരും നിരക്ഷരരും ദരിദ്രരുമായ ബംഗാളി മുസ്‌ലിംകള്‍ പുറത്താക്കപ്പെടാന്‍ പോകുന്നത്.

മുസ്‌ലിംകള്‍ മാത്രമല്ല മൊത്തം ബംഗാളികളെ തന്നെ പുറത്താക്കുക എന്ന ലക്ഷ്യം ഇതിന്റെ പിന്നില്‍ ഉണ്ടെന്നു പലരും സംശയിക്കുന്നു. ഇതിന്റെ പിന്നില്‍ വ്യക്തമായ വോട്ടുബേങ്ക് രാഷ്ട്രീയം തന്നെയാണുള്ളത്. ഈ നയത്തിനെതിരെ അതിശക്തമായി ആഞ്ഞടിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയേണ്ടത് ആവശ്യം തന്നെ. പക്ഷേ അത് അതിര്‍ത്തി രക്ഷാസേനയുടെ ചുമതലയാണ്. നാലും അഞ്ചും തലമുറകളായി ഇവിടെ ജീവിക്കുന്നവരെ വിദേശി മുദ്രകുത്തി പുറത്താക്കുന്നത് ശരിയല്ല. ഇന്ത്യയിലെ തന്നെ പൗരത്വനിയമം അനുസരിച്ച് ഇന്ത്യയില്‍ ജനിച്ചവരോ കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരത്വമുള്ളവരോ ആണെങ്കില്‍ ആ കുട്ടിക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ഗൂഢ ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വഴി വെക്കും എന്ന് മമത മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രസ്താവന മറയാക്കി മമതക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. അതിന്റെ ലക്ഷ്യം വ്യക്തമാണല്ലോ. പാര്‍ലിമെന്റില്‍ പ്രതിപക്ഷങ്ങള്‍ ആഞ്ഞടിക്കുന്നുണ്ട്.

പൗരത്വം സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു ഭേദഗതി കൂടി ഇത്തരുണത്തില്‍ പരിഗണിക്കപ്പെടണം. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളായവര്‍ അഭയം തേടി ഇവിടേക്ക് വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കണം എന്നതാണ് ഈ നിയമത്തിന്റെ കാതല്‍. ഇവിടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ മതങ്ങളില്‍ പെട്ടവരെയാണ്. അയല്‍ രാജ്യമായ മ്യാന്മറില്‍ നിന്നു പീഡനം സഹിക്കാതെ എത്തുന്ന മുസ്‌ലിം ജനതക്ക് ഈ ഭേദഗതി ബാധകമല്ല. അപ്പോള്‍ ലക്ഷ്യം വ്യക്തം.

ഇപ്പോള്‍ സുപ്രീം കോടതി അതിശക്തമായി ഇടപെട്ടിരിക്കുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആരെയും പുറത്താക്കില്ലെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ മുന്നോട്ടുപോകൂ എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരെയും വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും ഈ പട്ടികയുമായി അതിനൊരു ബന്ധവുമില്ലന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. നീതിപൂര്‍വകമായ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഗസ്റ്റ് പതിനാറിന് എല്ലാ വിശദാംശങ്ങളും സര്‍ക്കാര്‍ കോടതിക്ക് നല്‍കും.

പക്ഷേ ഇതൊന്നും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസമാകുന്നില്ല എന്നതാണ് സത്യം. കൈയൂക്കിന്റെ രാഷ്ട്രീയം കൈയാളുന്ന ഒരു വിഭാഗം എന്തും ചെയ്യാന്‍ തയ്യാറായി അസാമില്‍ ഉണ്ട്. നെല്ലി കൂട്ടക്കൊലയുടെ ഓര്‍മകള്‍ ഇപ്പോഴും അവര്‍ക്കുണ്ട്. സംസ്ഥാനം ഭരിക്കുന്നത് ബി ജെ പി സര്‍ക്കാറാണ്. ഗുജറാത്ത് മാതൃകയില്‍ വംശഹത്യക്ക് പോലും അവര്‍ മടിക്കില്ലെന്ന ഭയമുണ്ട്. അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ ആ ബാധ്യതയും സര്‍ക്കാറിനില്ല. ഒരു ആഭ്യന്തര കലാപത്തിലേക്ക് രാജ്യത്തെ നയിക്കുക വഴി സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ടു തലചൊറിയലാണ് എന്ന് ഇവര്‍ മനസ്സിലാക്കുമോ?