Connect with us

Gulf

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കനത്ത തിരക്ക്

Published

|

Last Updated

ദുബൈ: ഇന്നലെ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ നൂറു കണക്കിന് അനധികൃത താമസക്കാര്‍ എത്തി. ധാരാളം ആഫ്രിക്കന്‍ സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം നാട്ടിലേക്ക് മടങ്ങാത്ത അനേകംപേരും അവീറില്‍ എത്തുന്നു. പലരുടെയും പദവി ശരിയാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാരാന്ത്യ അവധി കഴിഞ്ഞു ഇന്നലെയാണ് പൊതുമാപ്പ് കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഏതാണ്ട് 4000 ഓളം ആളുകള്‍ ഇതിനകം ദുബൈയില്‍ മാത്രം പൊതുമാപ്പ് തേടിയതായി കണക്കുകൂട്ടുന്നു. മിക്കവരും ഔട്പാസ് വാങ്ങി നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്.

ദുബൈ ആസ്ഥാനമായ ഒരു കമ്പനി 500 ഓളം തൊഴിലാളികള്‍ക്ക് പൊതുമാപ്പ് തേടി. കമ്പനി നഷ്ടത്തില്‍ ആയതിനാല്‍ പലരുടെയും വിസ പുതുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഏതാണ്ട് അഞ്ചു ലക്ഷം ദിര്‍ഹം പിഴ ലഭിക്കുന്ന വീഴ്ചയാണിത്. അവീര്‍ കേന്ദ്രത്തില്‍ നൂറില്‍ താഴെ വിസ മാത്രമേ ഒറ്റയടിക്ക് റദ്ദു ചെയ്യാന്‍ കഴിയൂവെന്നും ജാഫിലിയ താമസ കുടിയേറ്റ വകുപ്പിനെ സമീപിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

പൊതുമാപ്പ് ലഭിച്ചു നാട്ടില്‍ പോകുന്നവരില്‍ വിമാന ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് കൊച്ചു കൃഷ്ണന്‍ ഷാര്‍ജ (0555396862), കെ ബി മുരളി അബുദാബി (0506679690), മുഹമ്മദ് ഫയാസ് ദുബൈ (0503418825), ബിജു സോമന്‍ ഷാര്‍ജ (0504820656) എന്നിവരെ ബന്ധപ്പെടാമെന്ന് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ അറിയിച്ചു.

നേരത്തെ പ്രവേശനിരോധം നേരിട്ടവര്‍ക്ക്
മടങ്ങിവരാനാകില്ല
ദുബൈ: യു എ ഇയില്‍ പ്രവേശ നിരോധം നേരിട്ട് നേരത്തെ നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് താമസകുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ അവരവരുടെ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. അവരില്‍ ആയിരക്കണക്കിനാളുകള്‍ പ്രവേശ നിരോധം ഒഴിവായിക്കിട്ടാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ താമസകുടിയേറ്റവകുപ്പിനെ ബന്ധപ്പെട്ടിരുന്നു. ഇത്രയും ആളുകളുടെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പാണ് പ്രവേശം നിരോധം നേരിട്ട് നാട്ടിലേക്ക് മടങ്ങിയവര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. പ്രവേശ നിരോധം എടുത്തുകളയാന്‍ മതിയായ രേഖകള്‍ സഹിതം യു എ ഇ യിലെ അമര്‍ സെന്ററുകള്‍ക്കോ പൊതുമാപ്പ് കേന്ദ്രങ്ങള്‍ക്കോ അപേക്ഷ അയക്കാമെന്നായിരുന്നു നിര്‍ദേശം.

ഒരു വര്‍ഷ വിസ നിബന്ധനകള്‍ക്ക് വിധേയം
ദുബൈ: യുദ്ധം, പ്രകൃതി ക്ഷോഭം എന്നിവ നേരിടുന്ന മേഖലകളിലെ ആളുകള്‍ക്ക് ഒരു വര്‍ഷം കൂടി യു എ ഇയില്‍ താമസിക്കാന്‍ അനുമതി ഉണ്ടെങ്കിലും ചില നിബന്ധനകള്‍ ബാധകമാണെന്ന് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
അപേക്ഷകന് യു എ ഇയില്‍ വാടക കരാര്‍, തൊഴില്‍ കരാര്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ് ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ ദുബൈയില്‍ ഒരു സിറിയക്കാരനെ അമര്‍ സെന്ററില്‍ നിന്ന് മടക്കിയയച്ചു. അതേസമയം, ഷാര്‍ജയില്‍ ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വിസ അനുവദിച്ചു. ഇവരുടെ വിസാ കാലാവധി കഴിഞ്ഞിരുന്നതാണെങ്കിലും വാടക കരാറും മറ്റും ഉണ്ടായിരുന്നു. നിരവധി സിറിയക്കാര്‍ യു എ ഇ യിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ രംഗത്തുണ്ട്.

Latest