ലൈംഗികാരോപണം: ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം പുറപ്പെട്ടു

Posted on: August 3, 2018 11:11 am | Last updated: August 3, 2018 at 2:09 pm
SHARE

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം പുറപ്പെട്ടു. രണ്ട് ദിവസത്തിനകം അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും. വൈക്കം ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള ആറംഗ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചു.

ഇവിടെയെത്തിയ ശേഷമാണ് സംഘം ജലന്തറിലേക്ക് പോവുക. തന്റെ ഭര്‍ത്താവിനോട് കന്യാസ്ത്രീ അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് ഡല്‍ഹിയില്‍ ഒരു സ്ത്രീ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ട് മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കുക.

സിബിസിഐ പ്രസിഡന്റില്‍നിന്നും സംഘം മൊഴിയെടുക്കും. ബിഷപ്പിനെതിരെ സിബിസിഐയില്‍ പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിസിഐ പ്രസിഡന്റിന്റെ മൊഴിയെടുക്കാന്‍ പോലീസം സംഘം തീരുമാനിച്ചത്. തുടര്‍ന്ന് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴികൂടിയെടുത്ത ശേഷമാണ് ഇവര്‍ ജലന്തറിലേക്ക് തിരിക്കുക. ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാത്തതില്‍ പ്രതിഷേധമുയരവെയാണ് അന്വേഷണ സംഘം ഇന്ന് പഞ്ചാബിലെ ജലന്തറിലേക്ക് തിരിച്ചത്.