Connect with us

Kerala

കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ ഇന്ന് തുടങ്ങും

Published

|

Last Updated

തലശ്ശേരി: അനിശ്ചിതത്വം വഴിമാറിയതോടെ വൈദികന്‍ മുഖ്യ പ്രതിസ്ഥാനത്തും കന്യാസ്ത്രീകള്‍ തൊട്ടുപിറകെയും കുറ്റാരോപിതരായുള്ള കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണ ഇന്ന് മുതല്‍ തലശ്ശേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ തുടങ്ങും. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം വിചാരണക്ക് തുടക്കമിടുന്നതിന് മുമ്പെ നിയമ പഴുതിലൂടെ രക്ഷപ്പെടാന്‍ കുറ്റാരോപിതര്‍ ഓരോന്നായി പരമോന്നത നീതിപീഠം വരെ വിടുതല്‍ സ്റ്റേ ഹരജികളുമായി എത്തിയിരുന്നു.

എന്നാല്‍ ഏറെ ഗൗരവതരമായ കേസില്‍ തലശ്ശേരി കോടതിയില്‍ വിചാരണ നടക്കട്ടെയെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പത്ത് പ്രതികളും ഇന്ന് കോടതിയില്‍ എത്തുന്നത്. ഇന്ന് മുതല്‍ ഈ മാസം 24 വരെയുള്ള ദിവസങ്ങളില്‍ മൊഴി നല്‍കാന്‍ സാക്ഷികള്‍ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്.
ഒന്നാം ദിവസം വൈദിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയാണ് വിസ്തരിക്കുക. ഇന്‍ ക്യാമറാ രീതിയില്‍ രഹസ്യ വിചാരണയാണ് അവലംബിക്കുന്നത്. രണ്ടാം നാളില്‍ കുട്ടിയുടെ മാതാവ്, പിതാവ്, സഹോദരന്‍ എന്നിവരും ഇതേ രീതിയില്‍ സാക്ഷിമൊഴി നല്‍കും. പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ 16കാരിയായ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട വൈദികന്‍ രാജ്യം വിടാനൊരുങ്ങി.
കാനഡ ലക്ഷ്യമിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കുതിച്ച വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയെ വഴിയില്‍ വച്ച് പേരാവൂര്‍ പോലീസ് പിടികൂടി. കൊട്ടിയൂര്‍ കേസിലെ ആദ്യ അറസ്റ്റ് അന്ന് നടന്നു. അന്നേ ദിവസം മുതല്‍ ജാമ്യം ലഭിക്കാതെ ഇദ്ദേഹം റിമാന്‍ഡില്‍ തുടരുകയാണ്.

ഇതില്‍ പിന്നീട് വൈദികന്റെ സഹായിയും പള്ളിയിലെ ജീവനക്കാരിയുമായ തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ടെസി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ. ഹൈദര്‍ അലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, തൊട്ട് പിന്നാലെ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ, സിസ്റ്റര്‍ ഒഫിലിയ, ഫാദര്‍ തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി തുടങ്ങിയവരും അറസ്റ്റിലായി. ഒന്നാം പ്രതി ഒഴികെയുള്ള ഒമ്പത് കുറ്റാരോപിതരും ജാമ്യത്തിലാണുള്ളത്.
പ്രതികള്‍ക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകര്‍ നിരനിരയായി തലശ്ശേരി കോടതിയിലെത്തുമ്പോള്‍ അടുത്തിടെ മാത്രം നിയമിതയായ അഡീഷനല്‍ പ്രോസിക്യൂട്ടറാണ് നേരിടാനുള്ളത്. ഇവരെ സഹായിക്കാന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ഇതേവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

Latest