Connect with us

Kerala

ബാര്‍ക്കോഴ കേസ്: തെളിവില്ലെന്ന്ആവര്‍ത്തിച്ച് വിജിലന്‍സ്‌

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ തെളിവില്ലെന്ന നിലപാട് വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ ആവര്‍ത്തിച്ചു. കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ല. പാലായില്‍ കെ എം മാണി കോഴ വാങ്ങുന്നതു കണ്ടെന്ന് പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണ് പ്രധാന തെളിവായി ബിജു രമേശ് നല്‍കിയത് കൃത്രിമ സി ഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി സി അഗസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി.

സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്ന് തവണ കേസ് അന്വേഷിച്ചപ്പോഴും തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.
അതേസമയം ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദേ്യാഗസ്ഥര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭ്യര്‍ഥിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്തു. റിപ്പോര്‍ട്ട് പക്ഷപാതപരവും ആരോപണ വിധേയനെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഹരജിയില്‍ പറയുന്നു. വൈക്കം വിശ്വന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് വിജയരാഘവന്‍ പുതിയ തടസ്സ ഹരജി ഫയല്‍ ചെയ്തത്.

എല്‍ ഡി എഫ് കണ്‍വീനറുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും കെ എം മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം മന്ത്രി വി എസ് സുനില്‍കുമാര്‍ കേസില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

Latest