എല്‍ ഡി എഫ് പ്രവേശം ഉടനുണ്ടാകും: ഐ എന്‍ എല്‍

Posted on: July 29, 2018 11:48 pm | Last updated: July 29, 2018 at 11:48 pm
SHARE

കൊച്ചി: ഐ എന്‍ എല്ലിന്റെ എല്‍ ഡി എഫ് പ്രവേശം ഉടന്‍ ഉണ്ടാകുമെന്ന വിശ്വാസമാണ് പാര്‍ട്ടിക്കെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് വിപുലീകരിക്കുമ്പോള്‍ ആദ്യ പരിഗണന കിട്ടേണ്ട പാര്‍ട്ടിയാണ് ഐ എന്‍ എല്‍. മുന്നണിയില്‍ ഔദ്യോഗിമായി ഇല്ലെങ്കിലും കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഐ എന്‍ എല്‍ എല്‍ ഡി എഫിനൊപ്പമാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മുന്നണി പ്രവേശം ഔപചാരികത മാത്രമാണ്. അത് എറ്റവും അടുത്തുതന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കും. അടുത്ത മാസം ഒന്ന് മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍. നാളെ എറണാകുളത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഹൈക്കോടതി ജംഗ്ഷനില്‍ ചേരുന്ന പൊതുയോഗം എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ ദേശീയ നിര്‍വാഹക സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സി എന്‍ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.