ലോക്പാല്‍ :കേന്ദ്ര നിലപാടില്‍ സുപ്രീം കോടതിക്ക് അതൃപ്തി

Posted on: July 25, 2018 10:06 am | Last updated: July 25, 2018 at 10:39 am
SHARE

ന്യൂഡല്‍ഹി : ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്‍. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച് അതൃപതി അറിയിച്ചത്. വിഷയത്തില്‍ നാലാഴ്ചക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലോക്പാലിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന സര്‍ക്കാരിന്റെ വിശദീകരണവും കോടതി അംഗീകരിച്ചില്ല. ലോക്പാല്‍ നിയമനത്തിന് സമയ പരിധി വെക്കാത്തതിനെയും സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കാത്തതിനെയും ബഞ്ച് വിമര്‍ശിച്ചു.

അതേസമയം, ലോക്പാല്‍ കമ്മിറ്റിയെ നിയമിക്കുന്നത് വൈകുന്നതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയോ അല്ലെങ്കില്‍ 142ാം വകുപ്പിന് കീഴില്‍ കോടതി സ്വമേധയാ ലോക്പാലിനെ നിയമിക്കുകയോ ചെയ്യണമെന്ന് കോമണ്‍ കേസ് എന്ന സംഘടനക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ലോക്പാല്‍ നിയമം വന്ന് നാലര വര്‍ഷമായിട്ടും നിയമനം നടത്താത്തതിനാല്‍ സര്‍ക്കാറിന് അതിന് താത്പര്യമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കോടതി അന്വേഷിക്കുന്നതു കൊണ്ടു മാത്രമാണ് യോഗങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് ഒരു ഫലവുമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള നീക്കത്തിന് സമയം ആയിട്ടില്ലെന്നും സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കട്ടേയെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
ലോക്പാലിനെയും അതിലെ അംഗങ്ങളേയും ശിപാര്‍ശ ചെയ്യുന്നതിനുള്ള സെര്‍ച്ച് പാനല്‍ ഉണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ഈമാസം പത്തൊമ്പതിന് യോഗം ചേര്‍ന്നിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി എന്നിവരാണ് അംഗങ്ങള്‍.
പ്രത്യേക ക്ഷണിതാവായ കോണ്‍ഗ്രസ് അംഗം മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതായും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. അതേസമയം യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും യോഗ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 17ന് സെലക്ഷന്‍ കമ്മിറ്റിയെ വേഗത്തില്‍ നിയോഗിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പത്തൊമ്പതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ലോക്പാലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിങ്കളാഴ്ചയോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ യോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. അതേസമയം, സെലക്ഷന്‍ കമ്മിറ്റി സെര്‍ച്ച് കമ്മിറ്റിയെ വളരെ വേഗത്തില്‍ നിയമിക്കുമെന്ന് കോടതി ശുഭാപ്തി രേഖപ്പെടുത്തുകയും ചെയ്തു.