Connect with us

Cover Story

സോഫ്റ്റ് ബഡ്ഡി

Published

|

Last Updated

അക്ഷയ സെന്റര്‍ നമ്മുടെ കൈവെള്ളയിലെത്തിയാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഫോണിനകത്ത് അക്ഷയ സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവനം അണിയറയില്‍ ഒരുങ്ങുകയാണ്. അക്ഷയയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ മുഴുവന്‍ ചിത്രവും ലഭിക്കും. ഓരോ ആവശ്യത്തിനുവേണ്ട രേഖകളെന്തൊക്കെയെന്നും പൗരന്മാര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചും അതിനുവേണ്ട വഴികളെക്കുറിച്ചുമെല്ലാം വിവരം നല്‍കും. അക്ഷയ ബഡ്ഡിയെന്ന ആപ്പാണ് ഇതിന് വഴിവെക്കുന്നത്. ഈ ആപ്പ് വികസിപ്പിക്കുന്നതാകട്ടെ കോഴിക്കോട്ടുകാരന്‍ “സോഫ്റ്റ്‌വെയര്‍ ബാരി”.

കല്യാണാലോചനയെത്തിയത് വൈവാഹിക വെബ്‌സൈറ്റ് പിറവിയില്‍

വര്‍ഷം 1996. ടി കെ എം എന്‍ജിനീയറിംഗ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ ബിരുദ വിദ്യാര്‍ഥികാലം. പഠനത്തിനുശേഷം എന്തുചെയ്യുമെന്ന ചിന്ത. മര്യാദക്ക് പെണ്ണ് ലഭിക്കണമെങ്കില്‍ പോലും എന്തെങ്കിലും ജോലി വേണമല്ലോ. ആലോചനകള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ കൂട്ടുകാരുടെ നിര്‍ദേശവും വന്നു. ഏതായാലും പെണ്ണ് കാണാന്‍ നടക്കുകയല്ലേ. എന്നാല്‍പ്പിന്നെ ഒരു വൈവാഹിക വെബ്‌സൈറ്റ് തുടങ്ങിയാലെന്താ? ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും സാര്‍വത്രികമല്ലാത്ത കാലത്ത് മതപണ്ഡിതന്റെ മകനായി ജനിച്ച മെക്കാനിക്കല്‍ എന്‍ജിനീയറുടെ മനസ്സില്‍ വന്ന ചിന്ത ഇങ്ങനെയൊക്കെയായിരുന്നു. അന്ന് എന്‍ജിനീയര്‍മാര്‍ക്ക് നല്ല അവസരങ്ങളുള്ള കാലം. എന്നിട്ടും കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി അബ്ദുല്‍ബാരി തിരഞ്ഞെടുത്ത മേഖല ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയായിരുന്നു. അവിടുന്നങ്ങോട്ട് പിന്നെ വിവര വിനിമയത്തിന്റെ സകല മേഖലകളിലും മുദ്ര പതിപ്പിക്കാനായിട്ടുണ്ട് ബാരിക്ക്.

നിലവിലില്ലാത്തതും ഭാവിയില്‍ വളരെയധികം അവസരങ്ങള്‍ നല്‍കുന്നതുമായ ഒരു മേഖല കണ്ടെത്തുകയും ഒരു മൗസ് ക്ലിക്കില്‍ പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചതുമാണ് ബാരിയുടെ വിജയരഹസ്യം. വ്യത്യസ്ത സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്വന്തമായി സോഫ്റ്റ്‌വെയറുകള്‍ ഡെവലപ് ചെയ്ത് തുടങ്ങിയ ജീവിതം ഇന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഇ- ഗവേണന്‍സിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്ന അക്ഷയ സെന്ററുകളുടെ “ബുദ്ധികേന്ദ്രം” എന്ന നിലയിലേക്കുള്ള വളര്‍ച്ചയിലെത്തി നില്‍ക്കുകയാണ്. പലപ്പോഴും അക്ഷയ വഴി ചെയ്യാവുന്ന സേവനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അക്ഷയയെക്കുറിച്ചും അതിന്റെ സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിവ് നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ് ചെയ്തിരിക്കുകയാണിപ്പോള്‍. കോഴിക്കോട് ജില്ലയെ ഇതിന്റെ പൈലറ്റിംഗിനായി തിരഞ്ഞെടുക്കുകയും അടുത്ത ദിവസം ലോഞ്ച് ചെയ്യാനിരിക്കുകയുമാണ്.
എന്‍ജിനീയറിംഗ് പഠനത്തിനു ശേഷം 1997ല്‍ കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സി- ഡാക് പൂനെയുടെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടിംഗ് പാസായ ബാരി 1998- 99ല്‍ സൈബീരിയന്‍ ഇന്‍ഫോര്‍മേഷ്യല്‍സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടുന്നിങ്ങോട്ട് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ തന്റേതായ ഒരു ലോകം പണിയുകയായിരുന്നു. ഫാറൂഖ് കോളജ്, മുക്കം കെ എം സി ടി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപന ജോലിക്കൊപ്പം സമാന്തരമായി ഇത്തരം പ്രൊജക്ടുകളുമായി ബാരിയുണ്ടായിരുന്നു. ഫാറൂഖ് കോളജില്‍ അധ്യാപകനായിരിക്കെ, 1999ല്‍ പ്രീഡിഗ്രിയുടെ പ്രവേശനജോലികള്‍ താന്‍ സ്വന്തമായി ചെയ്ത സോഫ്റ്റ്‌വെയറിലേക്ക് മാറ്റി. ഇതുവഴി 5000ത്തോളം കുട്ടികളുടെ പ്രവേശന നടപടികള്‍ വളരെ എളുപ്പത്തിലായി. ആ വര്‍ഷത്തോടുകൂടി സര്‍ക്കാര്‍ പ്രീഡിഗ്രി നിര്‍ത്തി; പ്ലസ്ടു വന്നു. എന്നാല്‍, ബാരിയുടെ സോഫ്റ്റ്‌വെയര്‍ നിര്‍ത്തേണ്ടിവന്നില്ല. ഏകജാലകത്തിനും വിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്‌വെയറിനും മുമ്പേ ബാരിയുെട സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നൂറില്‍പ്പരം സ്‌കൂളുകള്‍ അഡ്മിഷന്‍ ജോലികള്‍ തീര്‍ത്തിരുന്നത്. ഈ സോഫ്റ്റ്‌വെയര്‍ തന്നെ ചില മാറ്റങ്ങളോടെ ഫാറൂഖ് കോളജ്, പി എസ് എം ഒ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങിയ വിവിധ കോളജുകളില്‍ ഡിഗ്രി പ്രവേശനത്തിനും ഉപയോഗിച്ചിട്ടുണ്ട്.

ആള് വളരെ സോഫ്റ്റാ…

സംസ്ഥാന സര്‍ക്കാര്‍ 2005ല്‍ അക്ഷയ സെന്ററുകള്‍ തുടങ്ങിയപ്പോള്‍ അവിടെയും ബാരിയുണ്ടായിരുന്നു. ഇത്തരം സെന്ററുകള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്തോ അതിലധികവും ബാരി ചെയ്യുന്നുവെന്നതാണ് പ്രത്യേകത. അതറിയണമെങ്കില്‍ വെസ്റ്റ്ഹില്ലിലുള്ള അദ്ദേഹത്തിന്റെ അക്ഷയ സെന്ററില്‍ ചെല്ലണം. അവിടെ തിരക്കൊഴിഞ്ഞ നേരമില്ല. രാവിലെ എട്ട് മണി മുതല്‍ തുടങ്ങുന്ന ജനസേവനം അവസാനിക്കണമെങ്കില്‍ രാത്രി ഏറെ വളരണം. എന്നാലും ബാരിക്ക് മടുപ്പില്ല. ഏത് രാത്രിയില്‍ സമീപിച്ചാലും ആവശ്യം ബോധ്യമായാല്‍ ബാരി അത് ചെയ്തു കൊടുത്തിരിക്കും. ഐ ടി രംഗത്ത് ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടക്ക് എന്ത് ലഭിച്ചു എന്നന്വേഷിച്ചാല്‍ ബാരിക്ക് നല്‍കാനുള്ളത് ഇത്തരത്തിലുള്ള സേവനത്തിന്റെ മധുരം നിറഞ്ഞ ഓര്‍മകളായിരിക്കും. താന്‍ ചെയ്യുന്നത് ഒരു ജോലി മാത്രമല്ല, വലിയ സേവനമാണെന്ന് കൂടി ബോധ്യമുള്ള പ്രവര്‍ത്തനം. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നവര്‍ക്കായി ബാരി എപ്പോഴും സന്നദ്ധനാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക-മതരംഗത്തെ നിരവധി പ്രമുഖര്‍ ബാരിയുടെ സേവനം പറ്റാത്തവരായിട്ടുണ്ടാകില്ല. പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥ- ഭരണതലത്തിലുള്ളവര്‍. കലക്ടര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെ. ഞായറാഴ്ചയായാലും പെരുന്നാളായാലും ബാരി സേവനസന്നദ്ധനാണ്.

മികച്ച അക്ഷയക്കാരന്‍

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ബെസ്റ്റ് അക്ഷയ അവാര്‍ഡ് ബാരിയുടെ കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള സെന്ററിനാണ് ലഭിച്ചത്. ഐ എസ് ഒ 9000 ലഭിച്ച സംസ്ഥാനത്തെ ആദ്യ അക്ഷയ സെന്ററാണ് വെസ്റ്റ്ഹില്ലിലേത്. മലബാര്‍ മേഖലയില്‍ ആദ്യമായി വിന്‍ഡോസ് ബേസ്ഡ് സോഫ്റ്റ്‌വെയര്‍, മലയാളത്തില്‍ ഡാറ്റാ എന്‍ട്രി നടത്താനുള്ള സൗകര്യം, വെബ് ബേസ്ഡ് ആപ്ലിക്കേഷന്‍ ഇതൊക്കെ ബാരി തന്നെയാണ് ചെയ്തത്. സോഫ്റ്റ്‌വെയര്‍ രംഗത്ത് ഏതെങ്കിലും ഉത്പന്നം ബാരിയുടെതായി ഇല്ല. ഓരോ സ്ഥാപനത്തിന്റെ ആവശ്യമനുസരിച്ച് ചെയ്തുകൊടുക്കലാണ് പതിവ്. അക്ഷയയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. ഐ ഒ സിയിലെ പി സി ആര്‍ എ (പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍) നാഷനല്‍ കോമ്പറ്റീഷന്‍- 2017 അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. കേന്ദ്ര സര്‍ക്കാറിന്റെ പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ളതാണിത്. ഭാവിയിലുണ്ടായേക്കാവുന്ന ഇന്ധന ദൗര്‍ലഭ്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും അതിന് പരിഹാരം നിര്‍ദേശിക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന മത്സര പരിപാടിയാണിത്. ഐ ഒ സി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികള്‍ക്കുവേണ്ടി 2017 ആഗസ്റ്റ്- ഒക്‌ടോബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഇതിന്റെ ജോലി ചെയ്തത് മുഴുവന്‍ വെസ്റ്റ്ഹില്‍ സെന്ററായിരുന്നു. 1500ഓളം സ്‌കൂളുകളില്‍ 5.60 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ സന്ദേശമെത്തിക്കാനായിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ദേശീയതലത്തില്‍ 20 സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായതോടുകൂടി ഡിജിറ്റല്‍ സിഗ്‌നേച്ചറും ആവശ്യമായി വന്നിരിക്കയാണ്. ഇത് തയ്യാറാക്കുന്ന എം പാനല്‍ഡ് ഏജന്‍സിയാണ് വെസ്റ്റ്ഹില്ലിലെ അക്ഷയ. കേന്ദ്ര ഗവണ്‍മെന്റിന്റെ പല വകുപ്പുകളുടെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അടക്കമുള്ളവരുടെയും സിഗ്‌നേച്ചര്‍ തയ്യാറാക്കുന്നത് ഇവരാണ്.

വലിയ ഐ ടി സ്ഥാപനം സ്വപ്‌നം

സേവനരംഗത്ത് ഒറ്റയാനെ പോലെ പ്രവര്‍ത്തിച്ചപ്പോഴും ഐ ടി രംഗത്ത് ഒരു വലിയ സ്ഥാപനം കെട്ടിപ്പടുക്കാനായില്ലെന്ന തോന്നലുണ്ട്. പലപ്പോഴും അതിന് വിഘാതമായത് തന്റെ അഭാവത്തില്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യാനുള്ള ആളുകളുടെ കുറവും സാമ്പത്തികവുമായിരുന്നു. നിലവില്‍ അക്ഷയയുമായും ഐ ടി മിഷനുമായുമൊക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര പിന്തുണ സര്‍ക്കാറിന്റെയും മറ്റും ഭാഗത്തുനിന്നുണ്ടാകുകയാണെങ്കില്‍ ഇ- ഗവേണന്‍സ് രംഗത്ത് ബാരിക്ക് പലതും ചെയ്യാന്‍ കഴിയും. നേരത്തെ അക്ഷയയുമായി ബന്ധപ്പെട്ട് ഇ- സേവനം എന്നൊരു പ്രൊജക്ട് തുടങ്ങിയിരുന്നു; വളരെ വിപുലമായി തന്നെ. സര്‍ക്കാറിന്റെ അംഗീകാരം കിട്ടുകയും പൈലറ്റിംഗ് തുടങ്ങുകയും ചെയ്തതാണ്. ബാരിയും മറ്റു രണ്ടുപേരും കൂടി നേതൃത്വം നല്‍കി വലിയൊരു പ്രൊജക്ട്. പക്ഷേ, കൂടെയുള്ളവരുടെ ചില പിടിവാശികള്‍ക്ക് മുന്നില്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഏതാണ്ട് 20 ലക്ഷം രൂപ അങ്ങനെ നഷ്ടമായി.
ഉപ്പ പരേതനായ ഇബ്‌റാഹീംകുട്ടി മുസ്‌ലിയാര്‍ 40 വര്‍ഷത്തോളം തലശ്ശേരി മട്ടാമ്പുറത്ത് സ്വദര്‍ മുഅല്ലിമും ഇമാമുമായിരുന്നു. ഫാറൂഖ് കോളജിലെ അണ്ടിക്കാടന്‍കഴിയാണ് ജന്മദേശമെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ്. ഉമ്മ ഹലീമ. ഭാര്യ എം ടെക്കുകാരിയായ നിഷാന റഷീദും മക്കളായ പ്ലസ് വണ്ണുകാരന്‍ നിഹാല്‍ അബ്ദുല്‍ബാരിയും നാലാം ക്ലാസുകാരന്‍ സഹല്‍ അബ്ദുല്‍ബാരിയുമടങ്ങുന്ന കുടുംബം തിരക്കിനിടയിലും സന്തോഷത്തോടെ കഴിയുന്നു.

അക്ഷയ ബഡ്ഡി

ബാരിയുടെ വലിയ പ്രൊജക്ടുകളിലൊന്ന് ഇപ്പോള്‍ പണിപ്പുരയില്‍ അവസാനഘട്ടത്തിലാണ്. അക്ഷയ ബഡ്ഡി എന്ന് പേരിട്ടിക്കുന്ന മൊബൈല്‍ ആപ്പാണത്. പൊതുജനങ്ങള്‍ക്ക് ഇതൊരു ആപ്പായിട്ട് ഉപയോഗിക്കാമെങ്കിലും അക്ഷയ സെന്ററുകള്‍ക്ക് തങ്ങളുടെ ഇടപാടുകളും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്നതോടൊപ്പം തന്നെ ഐ ടി മിഷനും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് അക്ഷയ ബഡ്ഡി.

ഓരോ ആവശ്യത്തിനുവേണ്ട രേഖകളെന്തൊക്കെയെന്നും ഒരോതരം പൗരന്മാര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചും അതിനുവേണ്ട വഴികളെക്കുറിച്ചുമെല്ലാം അക്ഷയ ബഡ്ഡി വിവരം നല്‍കും. പ്രദേശത്തെ അക്ഷയ എവിടെയാണെന്നറിയാനും ജി പി എസിന്റെ സഹായത്തോടെ മാപ്പ് ചെയ്ത് കണ്ടെത്താനും ആ അക്ഷയയുമായി ആശയവിനിമയവും നടത്താം. വിവിധ ആവശ്യത്തിനുവേണ്ട അപേക്ഷകള്‍ നല്‍കാനും നല്‍കിയ അപേക്ഷയുടെ സ്ഥിതിയുമറിയാം. ജനസൗഹൃദ വില്ലേജ് ഓഫീസുകളില്‍ ഇതേര്‍പ്പെടുത്താനുമുള്ള സമ്മതം കലക്ടറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഐ ടി മിഷന്‍ ഡയറക്ടര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തത് പ്രകാരം കോഴിക്കോട് ജില്ലയെ പൈലറ്റിംഗിനായി തിരഞ്ഞെടുക്കുകയും അടുത്തു തന്നെ ലോഞ്ചിംഗ് ചെയ്യാനിരിക്കുകയുമാണ്. യഥാര്‍ഥത്തില്‍ വിവിധ സ്‌കോളര്‍ഷിപ്പ്, പെന്‍ഷനുകള്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ലെന്നാണ് ബാരി പറയുന്നത്. അക്ഷയ ബഡ്ഡി അതിനൊരു പരിഹാരമാകും.

Latest