പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്രപദ്ധതികള്‍ നടപ്പാക്കണം: കാന്തപുരം

Posted on: July 23, 2018 10:26 pm | Last updated: July 24, 2018 at 11:59 am
മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സഊദി ഫാമിലി മീറ്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അനേക വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നിര്‍ബന്ധിത സാഹചര്യത്തില്‍ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തുന്നവരുടെ പുനരധിവാസത്തിനായി സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സഊദി പ്രവാസി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതും സ്വാദേശിവത്കരണം ശക്തമാക്കിയതും വിദേശത്ത് തുടരാന്‍ സാധാരണക്കാരില്‍ പലര്‍ക്കും അപ്രാപ്യമായ സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളുടെ വിദേശ ജീവിതത്തിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ സമാനതകളില്ലാത്ത പങ്കുവഹിച്ചവരാണ് പ്രവാസികള്‍. അവരുടെ തുടര്‍ജീവിതം ശോഭകരമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പാക്കണം. പ്രവാസം ഉപേക്ഷിക്കേണ്ടി വന്നവരില്‍ പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ സേവനം ലഭ്യക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും കാന്തപുരം പറഞ്ഞു.

‘പ്രവാസത്തിന്റെ പരിവര്‍ത്തനങ്ങള്‍ കേരളീയ ജീവിതത്തില്‍’ എന്ന വിഷയത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. പ്രവാസികളുടെ മക്കള്‍ക്കായി മര്‍കസ് ഒരുക്കുന്ന മൂല്യാധിഷ്ടിതവും അക്കാദമിക മികവുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ പരിചയപ്പെടുത്തി മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.

ഡോ.അബ്ദുസ്സലാം, അമീര്‍ ഹസന്‍, ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഡോ.സലാം റിയാദ്, മര്‍സൂഖ് സഅദി പ്രസംഗിച്ചു. സി.പി ഉബൈദുല്ല സഖാഫി സ്വാഗതവും ബഷീര്‍ പാലാഴി നന്ദിയും പറഞ്ഞു.