പൊതുമാപ്പ്; ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് തുടങ്ങും

Posted on: July 21, 2018 8:17 pm | Last updated: July 21, 2018 at 8:17 pm
SHARE

അബുദാബി: യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌കും ഹോട്ട് ലൈനും ആരംഭിക്കുമെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് താമസം നിയമവിധേയമാക്കുന്നതിനോ രാജ്യം വിട്ടു പോകുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഹെല്‍പ് ഡെസ്‌കിന്റെ ലക്ഷ്യം. നിയമലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസി ഇന്ത്യക്കാര്‍ എത്രയും വേഗം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണം. രേഖകള്‍ ശരിപ്പെടുത്തി താമസം നിയമവിധേയമാക്കണം, അല്ലെങ്കില്‍ ഔട്ട്പാസ് വാങ്ങി രാജ്യം വിടണം. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ്.

വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്കുമാണ് പൊതുമാപ്പ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ട് നിയമനടപടി നേരിടുന്നവര്‍ക്കും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കും ഈ ആനുകൂല്യമില്ല. പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു. പൊതുമാപ്പ് അപേക്ഷകര്‍ക്ക് എംബസിയെ നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ തിങ്കളാഴ്ച നിലവില്‍ വരും. പ്രത്യേക ഇ-മെയില്‍ ഐഡിയുമുണ്ടാകും. എംബസിയിലെ ഹെല്‍പ് ഡെസ്‌കില്‍ നേരിട്ടെത്തിയും സഹായം തേടാം.

യുഎഇയിലെ അംഗീകൃത പ്രവാസി ഇന്ത്യന്‍ സംഘടനകളുടെ സഹകരണവും എംബസി തേടിയിട്ടുണ്ട്. മുപ്പതോളം സംഘടനകള്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തു. മുന്‍കാലങ്ങളില്‍ പൊതുമാപ്പ് നടപടിക്രമങ്ങള്‍ ചെയ്തിട്ടുള്ള സംഘടനകളുടെ അഭിപ്രായവും സ്വീകരിക്കും. ഇത്തരം സംഘടനകള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം നിലക്ക് ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാം. പൊതുമാപ്പ് അപേക്ഷകരുടെ രേഖകള്‍ സമാഹരിച്ച് ഒന്നിച്ച് എംബസിയിലെത്തിച്ചാല്‍ ഔട്ട്പാസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സ്ഥാനപതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here